Responsive Ad Slot

kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കടയ്ക്കൽ GVHSS-ൽ ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കം

കടയ്ക്കൽ: ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സ്, 20 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവർത്തനങ്ങൾ, 13 ലക്ഷം രൂപയുടെ ത്രീ ഫേസ് ഇലക്ട്രിക് കണക്ഷൻ എന്നിവയാണ് പ്രധാന പദ്ധതികൾ.

പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സജ്ജീകരിച്ച ആർട്ട് ഗ്യാലറിയും ചടങ്ങിന്റെ ഭാഗമായിരുന്നു. വിവിധ SSLC ബാച്ചുകളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികളിൽ നിന്ന് സാമ്പത്തിക സഹായങ്ങളും ലഭിച്ചു 1990 ബാച്ചിൽ നിന്നു ₹50,000, 1993 ബാച്ചിൽ നിന്ന് ₹10,000, 1988 ബാച്ചിൽ നിന്ന് 50 കസേരകൾ.

പുതുതായി എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി "നക്ഷത്രങ്ങളെത്തേടി" എന്ന അവധിക്കാല ക്യാമ്പും ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 400 കുട്ടികൾ പങ്കെടുത്തു. ഉച്ചഭക്ഷണം അടക്കം മുഴുവൻ സൗകര്യങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ഒരുക്കി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീ ഗോപകുമാർ പാർത്ഥസാരഥി നയിച്ച “പാട്ടും പറച്ചിലും” എന്ന പരിപാടി നടന്നു. ഉച്ചയ്ക്കുശേഷം ശ്രീ ഗോപാലകൃഷ്ണപിള്ള സാർ നയിച്ച ” പേപ്പർ ക്രാഫ്റ്റ് ” എന്ന പരിപാടി നടന്നു.”

രണ്ടാം ദിവസം ലഹരിവിരുദ്ധ റാലിയും, കലാ-കായിക ക്ലാസുകളും, രക്ഷിതാക്കൾക്കായി ബോധവൽക്കരണ സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, വേണു കുമാരൻ നായർ, പിടിഎ പ്രസിഡന്റ് എസ്. ബിനു, എസ്.എം.സി ചെയർമാൻ നന്ദനൻ എസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കടയ്ക്കൽ ടൂറിസത്തിന് പുതിയ രൂപം; മൂന്നു ഘട്ട പദ്ധതികൾ

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്നായ കടയ്ക്കൽ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം ഓഗസ്റ്റിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. 2021-ൽ അധികാരത്തിൽ വന്ന ഭരണസമിതി വർഷങ്ങളായുള്ള നാടിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമത്തിലാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അറിയിച്ചതനുസരിച്ച്, വെറുമൊരു പ്രാദേശിക ടൂറിസം എന്നതിലുപരി, കടയ്ക്കലിൻ്റെ പേര് ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ടൂറിസത്തിന് 'കടയ്ക്കൽ ടൂറിസം' എന്ന് പുനർനാമകരണം ചെയ്യുകയും മൂന്ന് പ്രധാന ഘട്ടങ്ങളിലായി വികസനം നടപ്പിലാക്കുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ:
  • ഫെയിസ് 1: മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്ക്: സാഹസിക വിനോദങ്ങൾക്കും കൗതുകകരമായ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ഘട്ടം, ടൂറിസം പദ്ധതിയുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറും.
  • ഫെയിസ് 2: കടയ്ക്കൽ ആധുനിക മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, സാംസ്കാരിക നിലയം: ഈ ഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, പുതിയ സാംസ്കാരിക നിലയം എന്നിവ നിർമ്മിക്കും. ഇത് കടയ്ക്കലിനെ കേരളത്തിലെ ശ്രദ്ധേയമായ ഒരു സ്ഥലമാക്കി മാറ്റും. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്വാതന്ത്ര്യ സ്മാരകവും ഇവിടെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
  • ഫെയിസ് 3: കടയ്ക്കൽ ദേവീക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും: തളി ക്ഷേത്രം, ശിവക്ഷേത്രം, കിളിമരുത്ത് കാവ് തുടങ്ങിയ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് റോഡുകൾ മനോഹരമാക്കുകയും ലൈറ്റ് മിനി ടൗവറുകൾ സ്ഥാപിക്കുകയും ചെയ്യും. തീർഥാടകർക്കായി വെയിറ്റിംഗ് ഏരിയകളും ആധുനിക ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തി ഒരു മഹാതീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടയ്ക്കലിൻ്റെ സമഗ്രമായ വികസനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ 25 അംഗങ്ങളുള്ള ഒരു ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റി (TMC) രൂപീകരിക്കും. ഈ കമ്മിറ്റിയായിരിക്കും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്കിൻ്റെ ആദ്യ ഘട്ടം ഓഗസ്റ്റ് മാസത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി 25-ൽ അധികം മിനി ഡി.പി.ആർ (Detailed Project Report) കൾ തയ്യാറാക്കുന്നുണ്ട്.

ഈ വലിയ മുന്നേറ്റത്തിന് എല്ലാ ബഹുജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അഭ്യർത്ഥിച്ചു. കടയ്ക്കലിൻ്റെ ടൂറിസം മേഖലയ്ക്ക് ഇതൊരു നിർണ്ണായക വഴിത്തിരിവാകുമെന്നും വരും തലമുറയ്ക്ക് ഇതൊരു മുതൽക്കൂട്ട് ആകുമെന്നും പ്രതീക്ഷിക്കാം.

കടയ്ക്കലിൽ അപകടത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ; പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം

കടയ്ക്കൽ: കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്നയാളെ നാട്ടുകാർ മർദ്ദിച്ചു. ആഴാന്തക്കുഴി പഞ്ചമത്ത് സ്വദേശി ശ്യാം (35) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ചുണ്ട പട്ടാണിമുക്ക് സ്വദേശി റഹീമിനെയാണ് മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിടികൂടി മരണവീട്ടിലേക്ക് കൊണ്ടു വന്നത്.

റഹീമിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. ഇന്ന് നിലമേൽ ഭാഗത്ത് റഹീമിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി. മരണ വീട്ടിലെത്തിച്ചപ്പോൾ റഹീമിന് മർദ്ദനമേറ്റതായി പോലീസ് വ്യക്തമാക്കി.

സംഭവം അറിയിച്ചിട്ടെത്തിയ കടയ്ക്കൽ പോലീസ്, വാക്കേറ്റത്തിനിടെ റഹീമിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതിയായിട്ടുള്ള ആളെ വിട്ടതിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉണ്ടായത്.

കടയ്ക്കൽ വില്ലേജ് ഓഫിസിന് ലാൻഡ് റവന്യു അനുമോദനം

കടയ്ക്കൽ: 2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടയ്ക്കൽ വില്ലേജ് ഓഫീസിനും സ്റ്റാഫുകൾക്കും കൊട്ടാരക്കര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. കടയ്ക്കൽ വില്ലേജ് ഓഫീസർ അനിൽ അനുമോദനം ഏറ്റുവാങ്ങി.

കടയ്ക്കലിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കടയ്ക്കൽ: ഇന്ന് വൈകുന്നേരം കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ സ്വദേശി ശ്യാം (38) മരണപ്പെട്ടു. ഉച്ചയ്ക്ക് നാലുമണിയോടെയാണ് അപകടം നടന്നത്.

കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം ബൈക്ക് യാത്രയിൽ ഉണ്ടായിരുന്ന ശ്യാമിനെ, പട്ടാണിമുക്ക് സ്വദേശിയായ റഹീമിന്റെ നിയന്ത്രണത്തൊഴിഞ്ഞ സ്‌കോർപിയോ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ മൂലോട്ട് വളവിൽ പോസ്റ്റിൽ ഇടിച്ച് നിർത്തുകയായിരുന്നു.

നാട്ടുകാർയുടെ വിവരമനുസരിച്ച് കടയ്ക്കൽ പോലീസ് ഉടൻ സ്ഥലത്തെത്തി റഹീമിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6 മണിയോടെ മരണം സംഭവിച്ചു.

കടയ്ക്കലിൽ രണ്ടര വയസ്സുകാരി ശർദിലിനെ തുടർന്ന് മരിച്ചു

കടയ്ക്കൽ: ശർദിലിനെ തുടർന്ന് രോഗബാധിതയായ രണ്ടര വയസ്സുകാരി മരണമടഞ്ഞു. ആവണീശ്വരം പിടവൂർ നെടുവത്തൂർ വിനയാഭവനിൽ വിനയചന്ദ്രൻ-ശില്പ ദമ്പതികളുടെ മകൾ നൈനിക (2.5) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് കുട്ടിക്ക് ശർദി അനുഭവപ്പെട്ടതിനെ തുടർന്ന് കടയ്ക്കലിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയിൽ വീണ്ടും ശർദി ഉണ്ടാകുകയായിരുന്നു. കുട്ടിയെ അടിയന്തരമായി അഞ്ചലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ കുട്ടി മരിച്ചു.

കുടുംബം കഴിഞ്ഞ രണ്ട് ആഴ്ചയായി കടയ്ക്കൽ നെല്ലിപ്പള്ളിയിൽ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കടയ്ക്കലിൽ 17 കാരിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ

കടയ്ക്കൽ: പ്രണയം നടിച്ച് 17 കാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 21 കാരനായ യുവാവ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. പരവൂർ പൊഴിക്കര സ്വദേശിയായ അഭിനന്ദാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലൂടെ കടയ്ക്കൽ സ്വദേശിനിയായ 17 കാരിയെ പരിചയപ്പെട്ട യുവാവ്, പിന്നീട് പ്രണയത്തിലാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ വാഗമൺ, പരവൂർ ബീച്ച് എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രണ്ട് മാസം മുൻപ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പിറ്റേന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. താൻ കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ മനോഭാവത്തിൽ വന്ന മാറ്റം ശ്രദ്ധിച്ച് ചൈൽഡ് ലൈന്റെ സഹായത്തോടെ കൗൺസിലിംഗ് നൽകിയതിൽപിന്നാലെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടർന്ന് കടയ്ക്കൽ പോലീസ് തട്ടികൊണ്ടുപോകൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. പിന്നീട് ബേക്കറിയിൽ ജോലി ചെയ്യുന്ന അഭിനന്ദിനെ പരവൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിർധന രോഗിയ്ക്ക് കൈതാങ്ങായി സ്വാസ്തിക ഫൗണ്ടേഷൻ

കടയ്ക്കൽ: നിർധന രോഗിയ്ക്ക് വിൽചെയർ നൽകി സ്വാസ്തിക ഫൗണ്ടേഷൻ. കുമ്മിൾ സ്വദേശിയായ ഷൈമ ക്കാണ് സ്വാസ്തിക സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളാണ് വിൽ ചെയർ നൽകിയത്. പത്തുവർഷമായി രോഗബാധനതെ തുടർന്ന് ശരീരത്തിലെ വിവിധ സന്ധികളിൽ ചലന നഷ്ട്ടപ്പെട്ട ഷൈമ യ് ക്കാണ് സ്വാസ്തിക ഫൗണ്ടേഷൻ സഹായമായത്.

സ്വാസ്തിക ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. സെബി എസ്. രാജ്, സരിത ബാബു, എസ് ജലീന, അഡ്വ:ധന്യ രജിത്ത്, ആർ. ചേതൻ, എസ്. ഗിരിജാ ആര്യ രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ഷൈമയ്ക്ക് വിൽ ചെയർ നൽകിയത്.

കുട്ടികൾ, സ്ത്രീകൾ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വയോധികർ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് സ്വാസ്തിക ഫൗണ്ടേഷൻസ്.

കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ബന്ധുക്കളെ അന്വേഷിക്കുന്നു

കടയ്ക്കൽ: കഴിഞ്ഞ ഏപ്രിൽ 15-ന് രാവിലെ 9.30ന് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീയെ ഉടൻ കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അവർ മരണപ്പെടുകയുണ്ടായി.

ഈ സംഭവത്തെക്കുറിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ BNSS സെക്ഷൻ 194 പ്രകാരം ക്രൈം നമ്പർ 655/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ടിയാളുടെ മൃതദേഹം കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആരെങ്കിലും ഇവരെ തിരിച്ചറിയുകയോ ബന്ധുക്കളായിരിക്കുകയോ ചെയ്താൽ, ഉടൻ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കടയ്ക്കൽ പോലീസ് അറിയിക്കുന്നു:

CI of Police: 9497987040
SI of Police: 9497980169
Police Station: 0474 2422033

കടയ്ക്കൽ കിംസാറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

കടയ്ക്കൽ: കടയ്ക്കൽ നിന്നും കിംസാറ്റ് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ പണി നടക്കുന്നതിനാൽ 21.04.2025 മുതൽ ഒരു മാസക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുന്നു ആശുപത്രിയിലേക്ക് വരുന്നവർ കടയ്ക്കൽ - മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ പാങ്ങോട് റോഡ് വഴി ആനപ്പാറ, മണിയൻമുക്കിൽ എത്തി വലത്തേക്ക് 800 മീറ്റർ സഞ്ചരിച്ചാൽ ആശുപത്രിയിൽ എത്താവുന്നതാണ്. 2 വീലർ ഉപയോഗിക്കുന്നവർക്ക് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ചിൽഡ്രൻസ് പാർക്കിന് മുന്നിലൂടെയുള്ള റോഡ് വഴിയും എത്തിച്ചേരാവുന്നതാണ്

ഇടത്തറ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കടയ്ക്കൽ: കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇടത്തറ ആലത്തറമല വിഷ്ണുവിലാസത്തിൽ രാജുവിൻ്റേയും സിബിനയുടേയും മകൻ വിഷ്ണുലാ (32) ലാണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് ഇടത്തറ ദുർഗാദേവി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ കരയ്ക്കെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ടാപ്പിംഗ് തൊഴിലാളിയായ വിഷ്ണുലാൽ അവിവാഹിതനാണ്.

കടയ്ക്കൽ ആനപ്പാറ സൂപ്പർമാർക്കറ്റിൽ നിന്നും വൻ ലഹരിവേട്ട; പ്രതി അറസ്റ്റിൽ

കടയ്ക്കൽ: ചടയമംഗലത്ത് എക്‌സൈസ് വകുപ്പിന്റെ അർധരാത്രി നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ–കുമ്മിൾ റോഡിൽ പ്രവർത്തിക്കുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റിനുള്ളിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 700 കിലോയോളം നിരോധിത ലഹരി വസ്തുക്കളാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ വസ്തുക്കളുടെ മൊത്തം വിപണിവില ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ഈ റെയ്ഡ്, കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിലായാണ് നടപ്പാക്കിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ജയേഷ് കെ.ജി, ശ്രേയസ് ഉമേഷ് എന്നിവരും പങ്കെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മുൻപരിചിത പ്രതിയും കടയ്ക്കൽ മുക്കുന്നം സ്വദേശിയുമായ സിയാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമ്പള്ളി സൂപ്പർമാർക്കറ്റ് സിയാദിന്റെ ഉടമസ്ഥതയിലായിരുന്നു. ഇയാളുടെ പേരിൽ ചടയമംഗലം എക്‌സൈസ് ഓഫീസുകളിൽ നിരവധി മുൻ കേസുകളുള്ളതായി അധികൃതർ അറിയിച്ചു.

ലഹരി വസ്തുക്കൾ കടയ്ക്കൽ, കുമ്മിൾ പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയ നിരോധിത ലഹരി വസ്തുക്കളുടെ ആകെ തൂക്കം ഒരു ടണ്ണിലധികമാണ്.

എക്സൈസ് വകുപ്പിന്റെ നീണ്ടുനിൽക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായ റെയ്ഡുകളും ലഹരി മാഫിയയ്ക്കെതിരെ കനത്ത അടിയൊറ്റ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മന്ത്രിക്ക് എസ്കോർട്ട് പോയ കടയ്ക്കൽ പോലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനും നിസാര പരുക്കേറ്റൂ.

കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ്.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ സമ്പൂർണ്ണ മാലിന്യ മുക്തിയിലേയ്ക്ക്

കടയ്ക്കൽ: ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.

സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി നൂറു ശതമാനം യൂസര്‍ഫീ ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.

ഇതിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്ര കടയ്ക്കൽ പാഞ്ചായത് ഓഫിസിൽ നിന്നും ആരംഭിച്ച്.വിപ്ലവ സ്മാരകത്തിൽ അവസാനിച്ചു. ഘോഷയാത്രയിൽ നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കാളികളായി, ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടാൻ വൈഖരി ടീമിന്റെ ശിങ്കാരി മേളം ഒപ്പമുണ്ടായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ, കടയ്ക്കൽ GVHSS വിദ്യാർഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം കഠിന തടവ്

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.

2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.

വീട്ടുമുറ്റത്ത് കഞ്ചാവുകൃഷിനടത്തിയ യുവാവ് അറസ്റ്റിൽ

കടയ്ക്കൽ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച കടയ്ക്കൽ ആലത്തറമല സൂര്യാഭവനിൽ സുനീഷ് (25) അറസ്റ്റിലായി. പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. കെ. രാജേഷ്, എ. ഇ. ഐ ഷാജി, ഗ്രേഡ് എ. ഇ. ഐ ഉണ്ണികൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ബിനീഷ്, സി. ഇ. ഒ മാരായ ജയേഷ്, മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, ലിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കടയ്ക്കൽ ടൗൺ എൽപിഎസിലെ ബഹുനില മന്ദിരം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരവും നിർമാണം പുരോഗമിക്കുന്ന വർണക്കൂടാരം പദ്ധതിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 

കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷവും മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷവും വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ കംപ്യൂട്ടർവൽക്കരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും പ്രതീക്ഷ 2025-–26 പാഠ്യപദ്ധതി കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ഉദ്‌ഘാടനംചെയ്തു. 

സ്‌കൂൾ കെട്ടിട നിർമാണ റിപ്പോർട്ട് പ്രധാനാധ്യാപിക ഗീതാകുമാരി അവതരിപ്പിച്ചു. വർണക്കൂടാരം പദ്ധതി വിശദീകരണം എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ സജീവ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി വേണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, വാർഡ് അംഗം എ ശ്യാമ, ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ജി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രീതൻ ഗോപി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയാലക്ഷ്മി നന്ദിയും പറഞ്ഞു.

കടയ്ക്കൽ ക്ഷേത്രം ഇന്നു തുറക്കും

കടയ്ക്കൽ: തിരുവാതിര ഉത്സവം കഴിഞ്ഞ് അടച്ച കടയ്ക്കൽ ദേവീക്ഷേത്രവും മുടിപ്പുര ക്ഷേത്രവും ഞായറാഴ്ച ഭക്തർക്കായി തുറക്കും. തിരുവാതിരയുടെ സമാപനച്ചടങ്ങായ തിരുമുടി എഴുന്നള്ളത്തും ഗുരുസിയും കഴിഞ്ഞാൽ ആചാരപ്രകാരം ഏഴുദിവസം ക്ഷേത്രം അടച്ചിടും. ഞായറാഴ്ചമുതൽ പതിവു ചടങ്ങുകളോടെ ക്ഷേത്രം തുറക്കും. വൈകീട്ട് 6.30-ന് നൃത്തോത്സവം, കൈകൊട്ടിക്കളി, രാത്രി ഒൻപതിന് പടയണി, നാട്യധ്വനി നൃത്തം എന്നിവ നടക്കും.

വിപ്ലവഗാനം പാടാൻ ആവശ്യപ്പെട്ടിട്ടില്ല; കടയ്ക്കൽ ക്ഷേത്ര വിവാദത്തിൽ വിശദീകരണവുമായി വ്യാപാരികൾ

കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ സംഗീത പരിപാടിക്കിടെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി സമിതി. അലോഷിയുടെ പരിപാടിയിൽ വിപ്ലവഗാനം പാടാൻ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കടയ്ക്കൽ ഏരിയാ പ്രസിഡന്റ് അനിൽ മടത്തറ മീഡിയവണിനോട് പറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരമാണ് സിപിഎം പ്രചാരണ ഗാനങ്ങൾ പാടിയത്.

വ്യാപാരി വ്യവസായി സമിതി പരിപാടി സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്. സംഗീത പരിപാടിയെ രാഷ്ട്രീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിച്ചത് ശരിയല്ലെന്നും അനിൽ മടത്തറ പറഞ്ഞു.

പരിപാടി എത്തരത്തിൽ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കമ്മിറ്റിയാണ്. വിപ്ലവഗാനങ്ങൾ പാടിയതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും അലോഷി ഇത്തരത്തിലുള്ള ഗാനങ്ങൾ കടയ്ക്കലിൽ പാടിയിട്ടുണ്ട്. മറ്റു കലാകാരന്മാരും ഇത്തരത്തിലുള്ള പരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചിരുന്നു. കെപിസിസി സാഹിതിയുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി. വിപ്ലവഗാനത്തെ പാട്ടായി മാത്രം കാണണം. കാണികൾ ആവശ്യപ്പെട്ട മറ്റു പാട്ടുകളും അലോഷി പാടിയിരുന്നുവെന്നും അനിൽ മടത്തറ വ്യക്തമാക്കി.

കടയ്ക്കലിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു

കടയ്ക്കൽ: കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ കടയ്ക്കൽ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. സമീപത്ത് തന്നെ അഗ്നിശമനസേനയുടെ വാഹനം ഉണ്ടായിരുന്നത് വൻ അപകടം ഒഴിവായി. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. താലൂക്കാശുപത്രി കടയ്ക്കൽ പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ മാർക്കറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്.
© all rights reserved
made with Kadakkalnews.com