കടയ്ക്കൽ: ഏകദേശം രണ്ട് വർഷം മുമ്പ് റോഡരികിൽ നിന്നും പൊതു മരാമത്ത് വകുപ്പ് മുറിച്ച് മാറ്റിയ മരങ്ങൾ വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. വെള്ളാർവട്ടം കാറ്റാടിമുക്കിൽ നിന്നാണ് മൂന്ന് പഴമരങ്ങൾ മുറിച്ച് മാറ്റി അവിടെ തന്നെ ഉപേക്ഷിച്ചത്. സ്ഥിരമായി കിടക്കുന്ന തടികൾക്കിടയിൽ പാമ്പുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികൾ ഭയത്തിൽ കഴിയുകയാണ്. ഈ ഭാഗത്ത് ഇരു ദിശയിൽ നിന്നും വാഹനങ്ങൾ എത്തുമ്പോഴും തടികൾ ഗതാഗതം തടസ്സപ്പെടുത്തുന്നു.
പി.ഡബ്ല്യു.ഡി. അധികൃതരെ സമീപിച്ച വീട്ടുകാർ തടികൾക്ക് പരിഹാരം ആവശ്യപ്പെട്ടപ്പോൾ, അവ ലേലത്തിന് നൽകിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പലതവണ ലേലത്തിന് വെച്ചിട്ടും ആരും പിടിക്കാത്തതിനാൽ അവ അവിടെയായിരിക്കുന്നു. പിന്നാലെ അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ തയ്യാറായെങ്കിലും, ഓൺലൈൻ ലേലം വഴിമാത്രമേ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.