Responsive Ad Slot

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്

കടയ്ക്കൽ: ഗോവിന്ദമംഗലത്തെ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്. മിലിട്ടറി അല്ലെങ്കിൽ പോലീസ് സേനയിൽ ഓഫിസർ റാങ്കിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച 48 മുതൽ 56 വയസ്സുള്ള ഉദ്യോഗാർത്ഥികളെയാണ് ഒഴിവിലേക്ക് ക്ഷണിക്കുന്നത്. അപേക്ഷകൾ 2025 മെയ് 15 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകർ കിംസാറ്റ് ആശുപത്രിയുടെ സെക്രട്ടറിയെ നേരിട്ട് അല്ലെങ്കിൽ ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്. 

അയക്കേണ്ട വിലാസം: Secretary, KIMSAT Hospital, Govindamangalam, Kadakkal P.O., Kollam, PIN 691536
Email: kimsatcare@gmail.com

കടയ്ക്കൽ GVHSS-ൽ ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കം

കടയ്ക്കൽ: ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സ്, 20 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവർത്തനങ്ങൾ, 13 ലക്ഷം രൂപയുടെ ത്രീ ഫേസ് ഇലക്ട്രിക് കണക്ഷൻ എന്നിവയാണ് പ്രധാന പദ്ധതികൾ.

പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സജ്ജീകരിച്ച ആർട്ട് ഗ്യാലറിയും ചടങ്ങിന്റെ ഭാഗമായിരുന്നു. വിവിധ SSLC ബാച്ചുകളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികളിൽ നിന്ന് സാമ്പത്തിക സഹായങ്ങളും ലഭിച്ചു 1990 ബാച്ചിൽ നിന്നു ₹50,000, 1993 ബാച്ചിൽ നിന്ന് ₹10,000, 1988 ബാച്ചിൽ നിന്ന് 50 കസേരകൾ.

പുതുതായി എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി "നക്ഷത്രങ്ങളെത്തേടി" എന്ന അവധിക്കാല ക്യാമ്പും ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 400 കുട്ടികൾ പങ്കെടുത്തു. ഉച്ചഭക്ഷണം അടക്കം മുഴുവൻ സൗകര്യങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ഒരുക്കി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീ ഗോപകുമാർ പാർത്ഥസാരഥി നയിച്ച “പാട്ടും പറച്ചിലും” എന്ന പരിപാടി നടന്നു. ഉച്ചയ്ക്കുശേഷം ശ്രീ ഗോപാലകൃഷ്ണപിള്ള സാർ നയിച്ച ” പേപ്പർ ക്രാഫ്റ്റ് ” എന്ന പരിപാടി നടന്നു.”

രണ്ടാം ദിവസം ലഹരിവിരുദ്ധ റാലിയും, കലാ-കായിക ക്ലാസുകളും, രക്ഷിതാക്കൾക്കായി ബോധവൽക്കരണ സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, വേണു കുമാരൻ നായർ, പിടിഎ പ്രസിഡന്റ് എസ്. ബിനു, എസ്.എം.സി ചെയർമാൻ നന്ദനൻ എസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം: ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചടയമംഗലം ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി.

ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും ചിലർ മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവൻറ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ചന്തു, ബിൻസാഗർ, രാഹുൽ, നിഷാന്ത്, രോഹിണി, എന്നിവർ പങ്കെടുത്തു.

കെല്‍ട്രോണ്‍ പ്രവേശന അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി ടി.ടി.സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 
ഫോൺ: 0474 2731061, 8547631061
സ്ഥലം: ടൗണ്‍ അതിര്‍ത്തി, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം

കടയ്ക്കൽ ടൂറിസത്തിന് പുതിയ രൂപം; മൂന്നു ഘട്ട പദ്ധതികൾ

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്നായ കടയ്ക്കൽ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം ഓഗസ്റ്റിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. 2021-ൽ അധികാരത്തിൽ വന്ന ഭരണസമിതി വർഷങ്ങളായുള്ള നാടിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമത്തിലാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അറിയിച്ചതനുസരിച്ച്, വെറുമൊരു പ്രാദേശിക ടൂറിസം എന്നതിലുപരി, കടയ്ക്കലിൻ്റെ പേര് ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ടൂറിസത്തിന് 'കടയ്ക്കൽ ടൂറിസം' എന്ന് പുനർനാമകരണം ചെയ്യുകയും മൂന്ന് പ്രധാന ഘട്ടങ്ങളിലായി വികസനം നടപ്പിലാക്കുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ:
  • ഫെയിസ് 1: മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്ക്: സാഹസിക വിനോദങ്ങൾക്കും കൗതുകകരമായ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ഘട്ടം, ടൂറിസം പദ്ധതിയുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറും.
  • ഫെയിസ് 2: കടയ്ക്കൽ ആധുനിക മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, സാംസ്കാരിക നിലയം: ഈ ഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, പുതിയ സാംസ്കാരിക നിലയം എന്നിവ നിർമ്മിക്കും. ഇത് കടയ്ക്കലിനെ കേരളത്തിലെ ശ്രദ്ധേയമായ ഒരു സ്ഥലമാക്കി മാറ്റും. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്വാതന്ത്ര്യ സ്മാരകവും ഇവിടെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
  • ഫെയിസ് 3: കടയ്ക്കൽ ദേവീക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും: തളി ക്ഷേത്രം, ശിവക്ഷേത്രം, കിളിമരുത്ത് കാവ് തുടങ്ങിയ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് റോഡുകൾ മനോഹരമാക്കുകയും ലൈറ്റ് മിനി ടൗവറുകൾ സ്ഥാപിക്കുകയും ചെയ്യും. തീർഥാടകർക്കായി വെയിറ്റിംഗ് ഏരിയകളും ആധുനിക ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തി ഒരു മഹാതീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടയ്ക്കലിൻ്റെ സമഗ്രമായ വികസനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ 25 അംഗങ്ങളുള്ള ഒരു ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റി (TMC) രൂപീകരിക്കും. ഈ കമ്മിറ്റിയായിരിക്കും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്കിൻ്റെ ആദ്യ ഘട്ടം ഓഗസ്റ്റ് മാസത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി 25-ൽ അധികം മിനി ഡി.പി.ആർ (Detailed Project Report) കൾ തയ്യാറാക്കുന്നുണ്ട്.

ഈ വലിയ മുന്നേറ്റത്തിന് എല്ലാ ബഹുജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അഭ്യർത്ഥിച്ചു. കടയ്ക്കലിൻ്റെ ടൂറിസം മേഖലയ്ക്ക് ഇതൊരു നിർണ്ണായക വഴിത്തിരിവാകുമെന്നും വരും തലമുറയ്ക്ക് ഇതൊരു മുതൽക്കൂട്ട് ആകുമെന്നും പ്രതീക്ഷിക്കാം.

കടയ്ക്കലിൽ അപകടത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ; പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം

കടയ്ക്കൽ: കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്നയാളെ നാട്ടുകാർ മർദ്ദിച്ചു. ആഴാന്തക്കുഴി പഞ്ചമത്ത് സ്വദേശി ശ്യാം (35) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ചുണ്ട പട്ടാണിമുക്ക് സ്വദേശി റഹീമിനെയാണ് മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിടികൂടി മരണവീട്ടിലേക്ക് കൊണ്ടു വന്നത്.

റഹീമിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. ഇന്ന് നിലമേൽ ഭാഗത്ത് റഹീമിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി. മരണ വീട്ടിലെത്തിച്ചപ്പോൾ റഹീമിന് മർദ്ദനമേറ്റതായി പോലീസ് വ്യക്തമാക്കി.

സംഭവം അറിയിച്ചിട്ടെത്തിയ കടയ്ക്കൽ പോലീസ്, വാക്കേറ്റത്തിനിടെ റഹീമിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതിയായിട്ടുള്ള ആളെ വിട്ടതിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉണ്ടായത്.

കടയ്ക്കൽ വില്ലേജ് ഓഫിസിന് ലാൻഡ് റവന്യു അനുമോദനം

കടയ്ക്കൽ: 2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടയ്ക്കൽ വില്ലേജ് ഓഫീസിനും സ്റ്റാഫുകൾക്കും കൊട്ടാരക്കര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. കടയ്ക്കൽ വില്ലേജ് ഓഫീസർ അനിൽ അനുമോദനം ഏറ്റുവാങ്ങി.

കടയ്ക്കലിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കടയ്ക്കൽ: ഇന്ന് വൈകുന്നേരം കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ സ്വദേശി ശ്യാം (38) മരണപ്പെട്ടു. ഉച്ചയ്ക്ക് നാലുമണിയോടെയാണ് അപകടം നടന്നത്.

കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം ബൈക്ക് യാത്രയിൽ ഉണ്ടായിരുന്ന ശ്യാമിനെ, പട്ടാണിമുക്ക് സ്വദേശിയായ റഹീമിന്റെ നിയന്ത്രണത്തൊഴിഞ്ഞ സ്‌കോർപിയോ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ മൂലോട്ട് വളവിൽ പോസ്റ്റിൽ ഇടിച്ച് നിർത്തുകയായിരുന്നു.

നാട്ടുകാർയുടെ വിവരമനുസരിച്ച് കടയ്ക്കൽ പോലീസ് ഉടൻ സ്ഥലത്തെത്തി റഹീമിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6 മണിയോടെ മരണം സംഭവിച്ചു.

കടയ്ക്കലിൽ രണ്ടര വയസ്സുകാരി ശർദിലിനെ തുടർന്ന് മരിച്ചു

കടയ്ക്കൽ: ശർദിലിനെ തുടർന്ന് രോഗബാധിതയായ രണ്ടര വയസ്സുകാരി മരണമടഞ്ഞു. ആവണീശ്വരം പിടവൂർ നെടുവത്തൂർ വിനയാഭവനിൽ വിനയചന്ദ്രൻ-ശില്പ ദമ്പതികളുടെ മകൾ നൈനിക (2.5) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് കുട്ടിക്ക് ശർദി അനുഭവപ്പെട്ടതിനെ തുടർന്ന് കടയ്ക്കലിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയിൽ വീണ്ടും ശർദി ഉണ്ടാകുകയായിരുന്നു. കുട്ടിയെ അടിയന്തരമായി അഞ്ചലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ കുട്ടി മരിച്ചു.

കുടുംബം കഴിഞ്ഞ രണ്ട് ആഴ്ചയായി കടയ്ക്കൽ നെല്ലിപ്പള്ളിയിൽ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കടയ്ക്കലിൽ 17 കാരിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ

കടയ്ക്കൽ: പ്രണയം നടിച്ച് 17 കാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 21 കാരനായ യുവാവ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. പരവൂർ പൊഴിക്കര സ്വദേശിയായ അഭിനന്ദാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലൂടെ കടയ്ക്കൽ സ്വദേശിനിയായ 17 കാരിയെ പരിചയപ്പെട്ട യുവാവ്, പിന്നീട് പ്രണയത്തിലാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ വാഗമൺ, പരവൂർ ബീച്ച് എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രണ്ട് മാസം മുൻപ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പിറ്റേന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. താൻ കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ മനോഭാവത്തിൽ വന്ന മാറ്റം ശ്രദ്ധിച്ച് ചൈൽഡ് ലൈന്റെ സഹായത്തോടെ കൗൺസിലിംഗ് നൽകിയതിൽപിന്നാലെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടർന്ന് കടയ്ക്കൽ പോലീസ് തട്ടികൊണ്ടുപോകൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. പിന്നീട് ബേക്കറിയിൽ ജോലി ചെയ്യുന്ന അഭിനന്ദിനെ പരവൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിർധന രോഗിയ്ക്ക് കൈതാങ്ങായി സ്വാസ്തിക ഫൗണ്ടേഷൻ

കടയ്ക്കൽ: നിർധന രോഗിയ്ക്ക് വിൽചെയർ നൽകി സ്വാസ്തിക ഫൗണ്ടേഷൻ. കുമ്മിൾ സ്വദേശിയായ ഷൈമ ക്കാണ് സ്വാസ്തിക സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളാണ് വിൽ ചെയർ നൽകിയത്. പത്തുവർഷമായി രോഗബാധനതെ തുടർന്ന് ശരീരത്തിലെ വിവിധ സന്ധികളിൽ ചലന നഷ്ട്ടപ്പെട്ട ഷൈമ യ് ക്കാണ് സ്വാസ്തിക ഫൗണ്ടേഷൻ സഹായമായത്.

സ്വാസ്തിക ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. സെബി എസ്. രാജ്, സരിത ബാബു, എസ് ജലീന, അഡ്വ:ധന്യ രജിത്ത്, ആർ. ചേതൻ, എസ്. ഗിരിജാ ആര്യ രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ഷൈമയ്ക്ക് വിൽ ചെയർ നൽകിയത്.

കുട്ടികൾ, സ്ത്രീകൾ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വയോധികർ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് സ്വാസ്തിക ഫൗണ്ടേഷൻസ്.

ഉല്ലാസയാത്രാ ബസ് തകരാർ; കെഎസ്ആർടിസി ഡ്രൈവർ സസ്പെൻഡ് ചെയ്ത നടപടി വിവാദത്തിൽ

ചടയമംഗലം: ചടയമംഗലം ഡ്രൈവറും വാളകം സ്വദേശിയുമായ അജിയെ ആണ് കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. 38 യാത്രക്കാരും കുട്ടികളുമായി ഗവിയിലേക്ക് തിരിച്ച് ഉല്ലാസയാത്ര സംഘത്തിന്റെ വാഹനം കാടിനുള്ളിൽ വച്ച് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. രാവിലെ 11 20ന് സംഭവിച്ച സംഭവം അപ്പോൾ തന്നെ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും നാല് മണിക്കൂറുകൾക്ക് ശേഷമാണ് പകരം സംവിധാനം ഒരുക്കുന്നത്.

യാത്രക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നതും പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും അവസരം ഇല്ലാത്തതും കൊടുംകാടും ഒക്കെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയും ആ വിവരം ഓൺലൈൻ മാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവരികയും പിന്നീട് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും ആയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മണിക്കൂറുകൾക്കു ശേഷം വാഹനം എത്തിയെങ്കിലും അതും കേടാവുകയായിരുന്നു. അതും യാത്രക്കാരെ ചൊടിപ്പിച്ചു. എന്നാൽ വളരെ വിചിത്രമായ ഒരു തീരുമാനമാണ് കെഎസ്ആർടിസി അധികൃതർ ഇക്കാര്യത്തിൽ എടുത്തത്.

ദീർഘദൂര സർവീസുകൾക്കും ഉല്ലാസ യാത്രകൾക്കും കെഎസ്ആർടിസി മികച്ച ഡ്രൈവർമാരെയും കണ്ടക്ടർ മാരെയും തിരഞ്ഞെടുക്കുന്നത്. എന്നാൽ ബസ്സിന്റെ കേടുപാടുകൾ ചെക്ക് ചെയ്യേണ്ടതും പരിശോധിക്കേണ്ടതും മെക്കാനിക്കൽ വിഭാഗം ആണെന്ന് ഇരിക്കെ നല്ല സർവീസും എക്സ്പീരിയൻസ് ഉള്ള ചടയമംഗലം ഡിപ്പോയിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധർഹമായി തീരുകയാണ്. കെഎസ്ആർടിസിയുടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള വീഴ്ച മറക്കുവാൻ ചടയമംഗലത്തെ ഡ്രൈവറെ ബലിയാടാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് കോടതി നടപടികൾ നാളെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചു; അപകടം ഒഴിവായി

ചിതറ: മലയോര ഹൈവേയിലെ മടത്തറ ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

മടത്തറ തടത്തരികത്ത് വീട്ടിൽ ഗദ്ദാഫി (27), സിന്ധു ഭവനിൽ അഭയ് (21) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും മേലേമുക്കിലേക്ക് പോവുകയായിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടി.

അപകടത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്ത് അപകടം പതിവായതാണ്. ഹൈവേ നിർമാണത്തിലെ അപാകതയെ തുടര്‍ന്നാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ബന്ധുക്കളെ അന്വേഷിക്കുന്നു

കടയ്ക്കൽ: കഴിഞ്ഞ ഏപ്രിൽ 15-ന് രാവിലെ 9.30ന് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീയെ ഉടൻ കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അവർ മരണപ്പെടുകയുണ്ടായി.

ഈ സംഭവത്തെക്കുറിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ BNSS സെക്ഷൻ 194 പ്രകാരം ക്രൈം നമ്പർ 655/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ടിയാളുടെ മൃതദേഹം കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആരെങ്കിലും ഇവരെ തിരിച്ചറിയുകയോ ബന്ധുക്കളായിരിക്കുകയോ ചെയ്താൽ, ഉടൻ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കടയ്ക്കൽ പോലീസ് അറിയിക്കുന്നു:

CI of Police: 9497987040
SI of Police: 9497980169
Police Station: 0474 2422033

അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം

അഞ്ചൽ: അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരിൽ ഫാർമസിയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. കൂടാതെ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷിക്കാവുന്ന പരമാവധി പ്രായം 40 വയസാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 26.

കടയ്ക്കൽ കിംസാറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

കടയ്ക്കൽ: കടയ്ക്കൽ നിന്നും കിംസാറ്റ് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ പണി നടക്കുന്നതിനാൽ 21.04.2025 മുതൽ ഒരു മാസക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുന്നു ആശുപത്രിയിലേക്ക് വരുന്നവർ കടയ്ക്കൽ - മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ പാങ്ങോട് റോഡ് വഴി ആനപ്പാറ, മണിയൻമുക്കിൽ എത്തി വലത്തേക്ക് 800 മീറ്റർ സഞ്ചരിച്ചാൽ ആശുപത്രിയിൽ എത്താവുന്നതാണ്. 2 വീലർ ഉപയോഗിക്കുന്നവർക്ക് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ചിൽഡ്രൻസ് പാർക്കിന് മുന്നിലൂടെയുള്ള റോഡ് വഴിയും എത്തിച്ചേരാവുന്നതാണ്

കുമ്മിൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് സ്നേഹവീട് പദ്ധതിയുടെ താക്കോൽദാനം നടത്തി

കുമ്മിൾ: കുമ്മിൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ "സഹപാഠി ക്കൊരു വീട് " പദ്ധതി യിൽ ഉൾപ്പെടുത്തി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി വിദ്യാർത്ഥിക്കു കൈമാറി നിർവഹിച്ചു.

അതോടൊപ്പം മറ്റൊരു കുട്ടിക്ക് വീട് നിർമിക്കുന്നതിനു ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ബുനൈസ് ഖാൻ ഭൂമി സൗജന്യമായി നൽകുന്ന തിന്റെ ആധാരവും കൈമാറി ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നജീബത്ത്‌ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ നിഫി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ ഹർഷ കുമാർ ആദ്യക്ഷം വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണ പിള്ള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധിക, മെമ്പർമാരായ ഇർഷാദ്, ജ്യോതി, ബി പി സി രാജേഷ് പ്രിൻസിപൽ ഇൻ ചാർജ് റെജി മത്തായി, പി എ സി സജി, എസ് എസ്. കെ.ജില്ലാ കോർഡിനേറ്റർ ഡോക്ടർ നജീബ്, കടയ്ക്കൽ പ്രവാസി ഫോറം രക്ഷാധികാരി സുധീർ, ഹെഡ്മിസ്ട്രെസ് റാണി, മുൻ പ്രിൻസിപ്പൽ എം നാസറുദീൻ, ഡോക്ടർ മിഥുൻ, സൈഫുദീൻ, അധ്യാപകരായ, ബുനൈസ് ഖാൻ, അനില, ഹെബി, എൻ എസ് എസ് വോളന്റീയർ എന്നിവർ സംസാരിച്ചു.

ഇടത്തറ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കടയ്ക്കൽ: കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇടത്തറ ആലത്തറമല വിഷ്ണുവിലാസത്തിൽ രാജുവിൻ്റേയും സിബിനയുടേയും മകൻ വിഷ്ണുലാ (32) ലാണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് ഇടത്തറ ദുർഗാദേവി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ കരയ്ക്കെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ടാപ്പിംഗ് തൊഴിലാളിയായ വിഷ്ണുലാൽ അവിവാഹിതനാണ്.

ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

ചിതറ: ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയും സഹോദരിയും പെങ്ങളുമുണ്ട്.

മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348
© all rights reserved
made with Kadakkalnews.com