Responsive Ad Slot

കടയ്ക്കലിൽ വെറ്റിനറി സബ് സെന്ററും ഹാപ്പിനെസ്സ് പാർക്കും ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2024–2025 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വിവിധ വികസനപദ്ധതികളുടെ ഉത്ഘാടനം നടന്നു. 2 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച വെറ്റിനറി സബ് സെന്റർ, 5 ലക്ഷം രൂപയുടെ ഹാപ്പിനെസ്സ് പാർക്ക്, കൂടാതെ പഞ്ചായത്ത് കിണർ പൊതുജനങ്ങൾക്ക് സമർപ്പിച്ചു.

ഉത്ഘാടന ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി എസ്.എസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനുമായ കെ. വേണു സ്വാഗതം പറഞ്ഞു. ചടങ്ങിൽ മറ്റ് പഞ്ചായത്ത് അംഗങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും, വാർഡിലെ നാട്ടുകാരും, തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന സഹോദരിമാർ അടക്കമുള്ളവർ സജീവമായി പങ്കെടുത്തു.

പഞ്ചായത്തിന്റെ വികസന ദൗത്യത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയ ഈ പദ്ധതികൾ ഗ്രാമീണ ഉന്നതിക്കും പൊതുഗുണത്തിനും നിർണായകമായി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

MCC മണികണ്ഠൻചിറയും ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച 'വേനൽ തുമ്പികൾ'ക്കു സമാപനം

കടയ്ക്കൽ: MCC മണികണ്ഠൻചിറയും,ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച “വേനൽ തുമ്പികൾ” സമാപിച്ചു. മെയ്‌ 9 രാവിലെ 9.30 മുതൽ 11.30 വരെ ക്വിസ് മത്സരം, കഥാരചന,കവിതാരചന, മറ്റ് വർക്ക്‌ എക്സ്പീരിയൻസ്. ഈ പ്രോഗ്രാം ആൽഫ ട്യൂഷൻ സെന്റർ അധ്യാപികഅർച്ചയുടെ നേതൃത്ത്തിൽ നടന്നു.

തുടർന്ന് 11.30 മുതൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത്സൂര്യ നയിച്ച ഓർമ്മയുടെ രസതന്ത്രം ഓർമ്മ ശക്തിയുടെ ശാസ്ത്രത്തിലേയ്ക്കും, രഹസ്യങ്ങളിലേയ്ക്കും ഒരു യാത്ര എന്ന പരിപാടി കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. ഉച്ചയ്ക്ക് 2.30 മുതൽ ലഹരി മുക്ത കേരളം എന്ന വിഷയത്തിൽ ചടയമംഗലം എക്സൈസ് സബ്ഇൻസ്‌പെക്ടർ എ കെ രാജേഷ് ക്ലാസ്സെടുത്തു. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി ഉണ്ണി അധ്യക്ഷത വഹിച്ചു, ക്ലബ് സെക്രട്ടറി പ്രവീൺ ദാസ് സ്വാഗതം പറഞ്ഞു.

കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ വിജയികൾക്കുളള സമ്മാനദാനം നൽകി. കടയ്ക്കൽ എസ് ഐ ഷിജു ക്ലാസ് നയിച്ചവരെ ആദരിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർമാരായ ജെ എം മർഫി, പ്രീതൻ ഗോപി, ആൽഫ ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ മനോജ്‌ എന്നിവർ സംസാരിച്ചു.ക്ലബ്‌ ട്രഷറർ ആദർശ് നന്ദി പറഞ്ഞു..

വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ വിഷ്ണു ( 19 ) പിടിയിലായത്. 2023 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു

ഇതിനു പുറമെ കഴിഞ്ഞ നവംബർ മാസം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും ആളൊഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്പെൺകുട്ടി ആറര മാസത്തോളം ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്.

തുടർന്ന് ഡോക്ടർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചത് വിഷ്ണുവാണെന്ന് പെൺകുട്ടിമൊഴി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പോലീസ് വിഷ്ണുവിനെതിരെ ഫോ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിഷ്ണുവിനെ പുല്ലുപണയിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റ്‌ രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചികിത്സകൾക്കായി എസ്.എ.റ്റി ആശുപത്രിയിലേക്കും മാറ്റി.

ഭക്ഷ്യവിഷബാധ; ചിതറ സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചു

ചിതറ: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ചിതറ അയിരക്കുഴി പുണർതത്തിൽ സ്വദേശി ശിവ്യ വിജയൻ (28) കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ മരണപ്പെട്ടു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ശിവ്യ, ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മേയ് 2-ന് ചികിത്സക്കായി പ്രവേശിപ്പിച്ച ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.

മൃതശരീരം ഇന്ന് രാത്രി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കടയ്ക്കൽ സി.ഡി.എസിന് കുടുംബശ്രീ കലോത്സവത്തിൽ ഒന്നാം സ്ഥാനം

കടയ്ക്കൽ: കൊട്ടാരക്കര - ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ അരങ്ങ് 2025 കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത് സിഡിഎസ് (CDS) ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കരീപ്ര പഞ്ചായത്താണ് രണ്ടാം സ്ഥാനത്തെത്തി. കരീപ്രയിലെ നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ കൊട്ടാരക്കര ബ്ലോക്കും മുനിസിപ്പാലിറ്റിയിലെയും സിഡിഎസുകളും പങ്കെടുത്തു.

സമാപന സമ്മേളനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. എസ് എസ് സുവിധ അധ്യക്ഷയായി, എ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. രാജേശ്വരി ഷാമിലാദേവി, ഷാലിമ,,ബേബി ഷീല, അജിത ഷീലാകുമാരി, സജിത ബൈജു, എം ആശാമോൾ, സി സജീവ് എന്നിവർ സംസാരിച്ചു.

കിളിമാനൂരിൽ അപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം ഇതുവരെ തിരിച്ചറിയാനായില്ല

കിളിമാനൂർ: കഴിഞ്ഞ രാത്രി കിളിമാനൂർ തട്ടത്തുമലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇയാളുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യുവാവിനെക്കുറിച്ച് അറിയുന്നവർ കിളിമാനൂർ പോലീസിലോ കടയ്ക്കൽ താലൂക്ക് ആശുപത്രിയുമായോ ഉടൻ ബന്ധപ്പെടണമെന്നാണ് അഭ്യർത്ഥിക്കുന്നു.

മോഷ്ടിച്ച ആംബുലൻസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചിതറയിൽ കണ്ടെത്തി

കടയ്ക്കൽ: മോഷ്ടിച്ച ആംബുലൻസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി. ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ആയിരുന്നു ഞായറാഴ്ച പൂർച്ചെ രണ്ട് മണിയോടെ മോഷണം പോയത്. കെ. എം. വൈ. എഫ് കനിവ് പനവൂർ മേഖല കമ്മറ്റിയുടെ ആംബുലൻസാണ്. ആശുപത്രിക്ക് മുന്നിൽ ഇരുന്ന ബൈക്കും മോഷ്ട്ടാക്കൽ മോഷണം നടത്താൻ ശ്രമിച്ചിരുന്നു. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് ആശുപത്രി സി. സി. ടി. വി ദ്യശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

ആശുപ്രതിയ്ക്ക് സമീപത്ത് മറ്റൊരു ബൈക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിരുന്നു. ആoബുലൻസ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്നും ചിതറ പോലിസിൻ്റെ നേതൃത്വത്തിൽ വാഹന ഉടയയ്ക്ക് വാഹനം കൈമാറി. ഉടമയുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ധാർമിക മൂല്യങ്ങൾ വീണ്ടെടുക്കേണ്ട സമയം; കടയ്ക്കൽ മൗലവി

കടയ്ക്കൽ: നഷ്ടപ്പെട്ടുപോയ ധാർമിക മൂല്യങ്ങൾ വീണ്ടെടുക്കാൻ വിദ്യാർത്ഥി യുവജന സമൂഹം യത്നിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. കടയ്ക്കൽ മുക്കുന്നം മന്നാനിയ ബനാത്ത് യത്തീംഖാനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാരന്റിങ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവ് ആവോളം നേടിയെങ്കിലും തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് ഇന്നിന്റെ ഏറ്റവും വലിയ പോരായ്മ.സ്നേഹത്തിനുപകരം വെറുപ്പും വിശ്വാസത്തിന് പകരം വർഗീയതയും വല്ലാതെ പടർന്നിരിക്കുന്ന കാലത്ത് നേരിന്റെയും നന്മയുടെയും തിരിച്ചറിവിൻറെ സന്ദേശം പകരാൻ വിദ്യാർത്ഥി സമൂഹം രംഗത്തുവരണം.ലഹരിക്കും വർഗീതയ്ക്കുമെതിരെയുള്ള പോരാട്ടം കാലഘട്ടത്തിൻറെ തേട്ടമാണെന്നും മൗലവി പറഞ്ഞു.

കടയ്ക്കൽ ജുനൈദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോക്ടർ ഉമർ ശിഹാബ് വിഷയം അവതരിപ്പിച്ചു.ഹാഫിസ് അബ്ദുല്ലത്തീഫ് മൗലവി ഈരാറ്റുപേട്ട,എ എം ഹനീഫ,ഹാഫിസ് ഉനൈസ് മൗലവി കൊടുവള്ളി,എ എം യൂസുഫുൽ ഹാദി എന്നിവർ സംസാരിച്ചു.

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്

കടയ്ക്കൽ: ഗോവിന്ദമംഗലത്തെ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്. മിലിട്ടറി അല്ലെങ്കിൽ പോലീസ് സേനയിൽ ഓഫിസർ റാങ്കിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച 48 മുതൽ 56 വയസ്സുള്ള ഉദ്യോഗാർത്ഥികളെയാണ് ഒഴിവിലേക്ക് ക്ഷണിക്കുന്നത്. അപേക്ഷകൾ 2025 മെയ് 15 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകർ കിംസാറ്റ് ആശുപത്രിയുടെ സെക്രട്ടറിയെ നേരിട്ട് അല്ലെങ്കിൽ ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്. 

അയക്കേണ്ട വിലാസം: Secretary, KIMSAT Hospital, Govindamangalam, Kadakkal P.O., Kollam, PIN 691536
Email: kimsatcare@gmail.com

കടയ്ക്കൽ GVHSS-ൽ ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കം

കടയ്ക്കൽ: ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സ്, 20 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവർത്തനങ്ങൾ, 13 ലക്ഷം രൂപയുടെ ത്രീ ഫേസ് ഇലക്ട്രിക് കണക്ഷൻ എന്നിവയാണ് പ്രധാന പദ്ധതികൾ.

പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സജ്ജീകരിച്ച ആർട്ട് ഗ്യാലറിയും ചടങ്ങിന്റെ ഭാഗമായിരുന്നു. വിവിധ SSLC ബാച്ചുകളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികളിൽ നിന്ന് സാമ്പത്തിക സഹായങ്ങളും ലഭിച്ചു 1990 ബാച്ചിൽ നിന്നു ₹50,000, 1993 ബാച്ചിൽ നിന്ന് ₹10,000, 1988 ബാച്ചിൽ നിന്ന് 50 കസേരകൾ.

പുതുതായി എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി "നക്ഷത്രങ്ങളെത്തേടി" എന്ന അവധിക്കാല ക്യാമ്പും ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 400 കുട്ടികൾ പങ്കെടുത്തു. ഉച്ചഭക്ഷണം അടക്കം മുഴുവൻ സൗകര്യങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ഒരുക്കി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീ ഗോപകുമാർ പാർത്ഥസാരഥി നയിച്ച “പാട്ടും പറച്ചിലും” എന്ന പരിപാടി നടന്നു. ഉച്ചയ്ക്കുശേഷം ശ്രീ ഗോപാലകൃഷ്ണപിള്ള സാർ നയിച്ച ” പേപ്പർ ക്രാഫ്റ്റ് ” എന്ന പരിപാടി നടന്നു.”

രണ്ടാം ദിവസം ലഹരിവിരുദ്ധ റാലിയും, കലാ-കായിക ക്ലാസുകളും, രക്ഷിതാക്കൾക്കായി ബോധവൽക്കരണ സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, വേണു കുമാരൻ നായർ, പിടിഎ പ്രസിഡന്റ് എസ്. ബിനു, എസ്.എം.സി ചെയർമാൻ നന്ദനൻ എസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം: ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചടയമംഗലം ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി.

ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും ചിലർ മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവൻറ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ചന്തു, ബിൻസാഗർ, രാഹുൽ, നിഷാന്ത്, രോഹിണി, എന്നിവർ പങ്കെടുത്തു.

കെല്‍ട്രോണ്‍ പ്രവേശന അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി ടി.ടി.സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 
ഫോൺ: 0474 2731061, 8547631061
സ്ഥലം: ടൗണ്‍ അതിര്‍ത്തി, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം
© all rights reserved
made with Kadakkalnews.com