Responsive Ad Slot

Slider

രണ്ട് പേര്‍ക്കു കൂടി കോവിഡ്-19; രണ്ടു പേരും കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് വന്നവര്‍

സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മലപ്പുറം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മലപ്പുറം സ്വദേശികളായ ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നുവരാണ്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.

ഏഴാംതിയതി ദുബായ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 23കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

39കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ 23 കാരനെ അന്നു തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളോട് കൂടിയാണ് യുവാവ് എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 23,596 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 36,648 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3,231 എണ്ണം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്തിയ ഉടനെ തന്നെ ഇവര്‍ രോഗബാധിതരാണെന്ന് അറിയാനായി. കൂടെ യാത്ര ചെയ്തവരുടെ നിരീക്ഷണം ശക്തിപ്പെടുത്തും. ഗൗരവമായ ഇടപെടലുകള്‍ ആവശ്യമുണ്ടെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com