Responsive Ad Slot

Slider

സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;16 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പു

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാടുനിന്നുള്ള ഒരാളും മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്‌നാട്ടില്‍നിന്നു വന്നതാണ്. അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് പോസിറ്റീവായ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നതാണ്. 16 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂരില്‍ ഏഴുപേരും കാസര്‍കോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 426 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ ചികിത്സയിലാണ്

സംസ്ഥാനത്ത് ആകെ 36,667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20,252 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 19,442 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു വീട്ടില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലേക്കുവന്ന പ്രവാസികളെയും അവരുടെ ഹൈറിസ്‌ക് കോണ്ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധിക്കാനാണ് നടപടിയെടുത്തിട്ടുള്ളത്. ഇപ്പോള്‍ 53 പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പോസിറ്റീവ് കേസുകള്‍ കൂടിയ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com