കടയ്ക്കല്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചവര്‍ക്കു നാടിന്റെ യാത്രാമൊഴി. കടയ്ക്കല്‍ ആല്‍ത്തറമൂട്ടില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നാഗര്‍കോവില്‍ കരിയമാണിക്യപുരം ആള്‍വാര്‍ കോയില്‍ സ്ട്രീറ്റില്‍ സെല്‍വരാജ് (49), മക്കളായ സുന്ദര്‍. എസ്. രാജ് (ശരവണന്‍ 22), സൗന്ദര്‍. എസ്. രാജ് (വിഗ്നേഷ് 17) എന്നിവരുടെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.
ചിതറയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാഗര്‍കോവിലില്‍ നിന്നു കടയ്ക്കലിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇവര്‍. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് സെല്‍വരാജിന്റെ നെടുങ്ങോലത്തുള്ള സഹോദരന്‍ വയലില്‍ പുത്തന്‍വീട്ടില്‍ വിനോദിന്റെ വീട്ടില്‍ 3 ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ എത്തിച്ചത്.
ഭര്‍ത്താവിനെയും മക്കളെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ സുബ്ബലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ പോലും തളര്‍ന്നു.നെടുങ്ങോലത്ത് ആയിരുന്ന ഇവര്‍ 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നാഗര്‍കോവിലിലേക്കു പോയത്.
ഓട്ടോ ഡ്രൈവറാണ് സെല്‍വരാജ്. സൗന്ദര്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സുന്ദറിനു രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ലഭിച്ചത്.