കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപം കവറില്‍ ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇതെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനം നിര്‍ത്തി പാലത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചിലരാണ് വെടിയുണ്ടകള്‍ ആദ്യംകണ്ടത്. സംശയകരമായരീതിയില്‍ ഒരു കവര്‍ കിടക്കുന്നത് കണ്ട് ഇവര്‍ പരിശോധിക്കുകയായിരുന്നു. കവറിനുള്ളില്‍ വെടിയുണ്ടകളാണെന്ന് മനസിലായതോടെ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.
മലയോര മേഖലയിലായതിനാല്‍ കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതുതരം തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.