തിരുവനന്തപുരം: വാഹനപരിശോധനകള്‍ നടത്തുമ്ബോള്‍ അതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരിശോധനാ വേളയില്‍ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാന്‍ പാടില്ലെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും പരിശോധന നടത്തേണ്ടത് എസ്.ഐ അടക്കം നാല് പേരടങ്ങുന്ന സംഘമാണെന്നും അദ്ദേഹം അറിയിച്ചു. സംഘത്തിലെ ഒരാള്‍ വേണം പരിശോധനയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തേണ്ടത്. അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുന്‍പ് കൊല്ലം കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനപരിശോധന നടത്തുന്നതിനായി ലാത്തി എറിഞ്ഞ് വീഴ്ത്തിയതും ബൈക്കുകാരന് ഗുരുതരമായി പരിക്കേറ്റതും വന്‍ വിവാദത്തിലേക്ക് നയിച്ചിരുന്നു.
വാഹനപരിശോധനയുടെ പേരില്‍ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹന്‍ എറിഞ്ഞുവീഴ്ത്തിയത്. തുടര്‍ന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിര്‍ത്താതെ പോയപ്പോഴാണ് ചന്ദ്രമോഹന്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹെല്‍മെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പാരിപ്പള്ളി മടത്തറ റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നത്.