കിളിമാനൂര്‍: ടാര്‍ ഇളകി കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്‍ഡ്, കോണ്‍ക്രീറ്റ് ഇളകി എപ്പോള്‍ വേണമെങ്കിലും തലയില്‍ പതിക്കാവുന്ന തരത്തിലുള്ള ടോയ്ലെറ്റ് കോംപ്ലക്സ്, കുടിവെള്ളം കിട്ടാക്കനി, ഈച്ച മൂടിയ മാലിന്യ കൂമ്ബാരം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതില്‍ നിന്നുള്ള വിഷ പുക... ഉത്തരേന്ത്യയിലെ അവികസിതമായ ഏതോ ഗ്രാമത്തിന്റെ കാര്യമാണിതെന്ന് കരുതുന്നവര്‍ക്ക് തെറ്റി, ഇത് തിരുവനന്തപുരം മുതല്‍ കൊട്ടാരക്കര വരെയുള്ള സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട ഡിപ്പോകളില്‍ ഒന്നായ കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ നിലവിലെ അവസ്ഥയാണ്. പരാധീനതകള്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഇവിടത്തെ സ്ഥിതിഗതികള്‍.
സര്‍ക്കാര്‍ തലത്തില്‍ യാതൊരു വികസന ഫണ്ടും സമീപത്തൊന്നും ഈ ഡിപ്പോയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പഴയ കെട്ടിടം പൊളിച്ച് വാടകയ്ക്ക് കടമുറികള്‍ കച്ചവടക്കാര്‍ക്ക് കൊടുക്കാവുന്ന തരത്തില്‍ ഒരു മെയിന്‍ കെട്ടിടം പണിതെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണം കാരണം വേണ്ടവിധം അത് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടുത്തകാലം വരെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നാണ് ഡിപ്പോയ്ക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് എന്നാല്‍ ആ കിണറിലെ വെള്ളം വറ്റിയപ്പോള്‍ നിലവില്‍ ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.
മുന്നൂറോളം ജീവനക്കാരുള്ള ഡിപ്പോയിലെ പുരുഷന്മാരുടെ ടോയ്ലെറ്റിന്റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ഇളകി കമ്ബികള്‍ പുറത്ത് വന്ന് എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന ഈ ഡിപ്പോയില്‍ അടിസ്ഥാന സൗകര്യങ്ങളെങ്കിലും അടിയന്തരമായി ഒരുക്കണം എന്നതാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.