250-മുതല്‍ 350 രൂപ വരെയാണ് മത്സ്യവിപണിയില്‍ വരവ് മത്തിയുടെ വില. മത്തിയോടുള്ള കൊതി മൂത്ത ചിലരാവട്ടെ, വിലമറന്ന് മത്തി വാങ്ങി വൃത്തിയാക്കുന്നത് മുതൽ പാകമാകുന്നത് വരെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. പിന്നാലെ ട്രോളന്മാരും മത്തിയെ ഏറ്റെടുത്തു. ഇതോടെ മുളുനീഴ സൂപ്പർ താരപദവിയിലേക്ക് മത്തി അഥവാ ചാള ഉയർന്നു കഴി‍്ഞ്ഞു.
കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് മത്തിയുടെ ലഭ്യത കുറയുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടേതാണ് നിഗമനം. എല്‍നിനോ എന്ന പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇതോടെ സംസ്ഥാനത്ത് വീണ്ടും മത്തിയില്ലാക്കാലം വന്നെത്തിയിരിക്കുകയാണ്.
ഒരു കഷ്ണം വറുത്ത് കറുമുറ കഴിക്കാനും കപ്പയ്ക്കൊപ്പം മത്തിക്കറി ഒഴിയ്ക്കാനുമൊക്കെ ഇനി എത്ര നാൾ കാത്തിരിക്കണമെന്നാണ് മത്തി പ്രേമികൾ ഒന്നടങ്കം ചോദിക്കുന്നത്. എന്നാൽ അയ്യേ മത്തിയോ എന്ന് ചോദിച്ചവരുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുകയാണ് മത്തിയും മത്തി പ്രേമികളും. അതെ ഇത് മത്തിയുടെ യഥാർഥ പ്രതാപകാലം.