കുളത്തുപ്പുഴ: നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ ആശങ്ക ഒഴിയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല നിരീക്ഷണത്തിലുള്ള 157 ഓളം പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി ഇരുപതില്‍ താഴെ ആളുകളുടെ പരിശോധന ഫലങ്ങളാണ് എത്തനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ കണക്കുകളാണിത്.
വിവിധ കോവിഡ് സെന്‍ററുകളിലും, വീടുകളിലുമായി ഇരുനൂറിലധികം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. കുളത്തുപ്പുഴ, അഞ്ചല്‍, തെന്മല, പുനലൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ കോവിഡ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കുളത്തുപ്പുഴയില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തി രണ്ടാഴ്ച തികയുമ്പോള്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ ഉണ്ടാകില്ല എന്നതാണ് ആരോഗ്യവകുപ്പിന്‍റെ ഇപ്പോഴത്തെ നിഗമനം. എങ്കിലും പരിശോധന ഫലം ലഭിക്കാനുള്ളതില്‍ ചിലത് ആരോഗ്യവകുപ്പ് ഹൈറിസ്ക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവരാണ് എന്നത് ആരോഗ്യവകുപ്പിന് പൂര്‍ണ്ണ ആശ്വാസം നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഏപ്രില്‍ ഇരുപതിനാണ് കുളത്തുപ്പുഴയില്‍ തമിഴനാട്ടില്‍ പോയി തിരികെയെത്തിയ യുവാവിന് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അതേസമയം കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കുളത്തുപ്പുഴ പഞ്ചായത്തിലെ കുളത്തുപ്പുഴ, ടൗണ്‍, അമ്പലം വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വാര്‍ഡുകളില്‍ കനത്ത പരിശോധന ശക്തമാക്കിയ അധികൃതര്‍ അവശ്യസാധനങ്ങളും മരുന്നുകളും പഞ്ചയാത്ത ഹെല്‍പ്പ് ഡസ്ക് വഴി വീടുകളില്‍ എത്തിക്കുകയാണിപ്പോള്‍. വാര്‍ഡുകളില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പും പഞ്ചായത്ത് അധികൃതര്‍ തുടരുന്നുണ്ട്. റിപ്പോർട്ട്: നാട്ടുവർത്ത