നിലമേല്‍: പാരിപ്പള്ളിയിലെ കൊല്ലം ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ്-19 ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി രോഗമുക്തിനേടി വീട്ടിലേക്ക് മടങ്ങി. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോവിഡ്-19 രോഗമുക്തി നേടിയവരുടെ എണ്ണം, ഗർഭിണിയായ യുവതി ഉൾപ്പെടെ നാലായി. നിലമേൽ കൈതോട് ഫാത്തിമ മൻസിലിൽ അബ്ദുൾ ആദിൽ (21) ആണ് രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ആശുപത്രി വിട്ടത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയത്തി കോവിഡ്-19 സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ ജാവേദിന്റെ മകനാണ് ആദിൽ. സമ്പർക്കത്തിലൂടെ രോഗബാധിതനായ ആദിലിനെ കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാര്യമായ മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ആദിലിന്റെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനെത്തുടന്ന് വെള്ളിയാഴ്ച 11.30-ന് വീട്ടിലേക്ക് പോയി. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം പറഞ്ഞു.
ജാവേദ് ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം കുളത്തൂപ്പുഴയിൽനിന്നെത്തിയ രണ്ടുപേർ ഉൾപ്പെടെ ആറുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. രണ്ടുപേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. ഇതിൽ ജില്ലയിലെ ആദ്യ രോഗബാധിതനായ പ്രാക്കുളം സ്വദേശിയുടെ ബന്ധു 27 ദിവസമായി ചികിത്സയിൽ തുടരുകയാണ്. ഇവരുടെ രക്തസാമ്പിളുകൾ ആറുതവണ ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസീറ്റീവ് ആയിരുന്നു. ഇവർക്ക് മറ്റ് അസുഖങ്ങൾ ഒന്നുംതന്നെയില്ല.
രണ്ട് ഡോക്ടർമാർ, രണ്ട് സ്റ്റാഫ് നഴ്സുമാർ, രണ്ട് ക്ലീനിങ് സ്റ്റാഫ് എന്നീ ക്രമത്തിൽ ഒരുദിവസം നാലുമണിക്കൂർ ഇടവിട്ട് 36 പേരാണ് ഡ്യൂട്ടിയിൽ നിൽക്കുന്നത്. എല്ലാവരും പി.പി.പി.കിറ്റിന്റെ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ഡ്യൂട്ടി മാറുമ്പോൾ ഇവരെ 14 ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ നിരീക്ഷണത്തിലാക്കിയശേഷമാണ് വീട്ടിലേക്ക് വിടുന്നത്.