Responsive Ad Slot

Slider

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19

സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. കാസര്‍കോട് ആറുപേര്‍ക്കും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലമാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ആകെ 447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 129 പേര്‍ ചികിത്സയിലാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 20,326 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ഈ നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂര്‍ ജില്ലയില്‍ 2,592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട്ട് 3,126 പേര്‍, കോഴിക്കോട് 2770 പേര്‍, മലപ്പുറത്ത് 2,465 പേര്‍ എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. ഈനാലു ജില്ലകള്‍ ഒഴികെയുള്ള പത്തുജില്ലകളും ഓറഞ്ച് സോണിലാണുള്ളത്.

റെഡ് സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും ഇപ്പോഴത്തേതു പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ പോസിറ്റീവായ കേസുകള്‍ ഇല്ലാതിരുന്നതിനാല്‍ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകള്‍ വന്നതിനാല്‍ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ മൃതദേഹങ്ങള്‍ ചരക്കുവിമാനത്തില്‍ കൊണ്ടുവരാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്രത്തോടും നേരത്തെ ആവശ്യപ്പെട്ടിരുന്നെന്നും വിഷയം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇന്ന് പുതിയമാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
disqus,
© all rights reserved
made with Kadakkalnews.com