
തിരുവനന്തപുരം: കേരളത്തിന് വീണ്ടും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രം സമ്ബര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.
255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കിഴക്കോത്ത് (12-ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ ( 6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കോവിഡ് ഹോട്‌സ്‌പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
ഈ വാര്‍ഡുകള്‍ക്കകത്തെ റോഡുകളിലൂടെ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ഇവിടങ്ങളിലുള്ളവര്‍ അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ മേല്‍പറഞ്ഞ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.