കൊട്ടാരക്കര: കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അനാവശ്യമായി വീട് വീട്ട് പുറത്തിറങ്ങി രോഗവ്യാപനം നടത്തുന്നത് തടയുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലം റൂറല്‍ പോലീസ്. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലാ അതിര്‍ത്തികളില്‍ ഡി.വൈ.എസ്.പി മാരെ നിയമിച്ച് സുരക്ഷ ക്രമീകരിച്ചു. ആര്യങ്കാവ് അച്ചന്‍കോവില്‍ അതിര്‍ത്തികളില്‍ പുനലൂര്‍ ഡി.വൈ.എസ്.പിയും നിലമേല്‍, കടയ്ക്കല്‍ അതിര്‍ത്തികളില്‍ സി.ബ്രാഞ്ച് ഡി.വൈ.എസ്. പിയും, ഏനാത്ത് ബോര്‍ഡറില്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി യുടേയും നേതൃത്വത്തില്‍ കൂടുതല്‍ പോലീസിനെ ഉള്‍പ്പെടുത്തി സുരക്ഷാക്രമീകരണങ്ങള്‍ വിപുലീകരിച്ചു.
പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവരെ പരമാവധി നിയന്ത്രിക്കാന്‍ മൊബൈല്‍ പട്രോളിംഗുകളും ബൈക്ക് പട്രോളിംഗുകളും ഏര്‍പ്പെടുത്തി. തദ്ദേശിയരല്ലാത്ത വില്‍പ്പനക്കാര്‍ പഴം, പച്ചക്കറികള്‍ എന്നിവ വാഹനങ്ങളില്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തുന്നത് തടയുന്നതിനും, കുട്ടികള്‍ വീട് വിട്ട് പുറത്തിറങ്ങി നടക്കുന്നത് തടയുന്നതിനുമുളള നടപടിയ്ക്കായി എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാര്‍ഡ്, കുളത്തൂപ്പുഴ പഞ്ചായത്ത്, നിലമേല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശക്തമായ നിരീക്ഷണവും പരിശോധനകളും നടത്താന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. യാതൊരു കാരണവശാലും ലോക്ക് ഡൗണ്‍ ഇളവുകള്‍ ഹോട്ട് സ്പോട്ടുകളില്‍ അനുവദിക്കുകയില്ല. അത്യാവശ്യ സര്‍വ്വീസുകള്‍ നടത്തുന്ന കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ജോലിക്കാര്‍ക്കും മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദം ലഭിക്കുകയുളളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുളളൂ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ സാമൂഹ്യഅകലം പാലിച്ച് സാമൂഹ്യ സുരക്ഷയ്ക്കായി മാസ്ക്കുകളും സാനിട്ടൈസറുകളും ഇടപാടുകാര്‍ക്ക് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി.
ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കാത്തവിധം അടച്ചിടുന്നതിന് മതമേലധ്യക്ഷന്മാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ഹോട്ട് സ്പോട്ട് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ മൈക്ക് അനൗന്‍സ്മെന്‍റ് ഉള്‍പ്പെടെയുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ എല്ലാ എസ്. എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഡ്യൂട്ടിയിലുളള എല്ലാ പോലീസുദ്യോഗസ്ഥന്മാരും നിര്‍ബന്ധമായും മാസ്ക്ക് , ഗൗസ് തുടങ്ങിയവ ധരിച്ച് സാമൂഹ്യ അകലം പാലിച്ച് ഡ്യൂട്ടി ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ യാതൊരുവിധ ഇളവുകളും നല്‍കാതെ പഴുതടച്ച ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ബഹു. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.