
കൊല്ലം: ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍പ്പോലും തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കൂട്ടമായി എത്തി. കോവിഡ് പശ്ചാത്തലത്തില്‍ നിലമേല്‍ ഗ്രാമപ്പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാവിലെമുതല്‍ ഇവിടെ തിരക്കേറി. തുടര്‍ന്ന് കൊല്ലം ജില്ലാ അതിര്‍ത്തിയായ നിലമേല്‍ വാഴോട്ട് തിങ്കളാഴ്ചമുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കി.
തിരുവനന്തപുരം ജില്ലയില്‍നിന്ന് കൊല്ലം ജില്ലയിലേക്ക് അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്നത്. നിലമേല്‍ കൈതോട്ട് രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റ ഹോട്ട് സ്പോട്ട് പട്ടികയില്‍ ഇടംപിടിച്ചത്. ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ കടമ്ബാട്ടുകോണത്ത് കല്ലമ്ബലം എസ്.ഐ. ഫറോസിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കുചേര്‍ന്നു.
പത്തനംതിട്ട ജില്ലയില്‍നിന്ന് നിരവധി വാഹനങ്ങളാണ് രാവിലെ പത്തനാപുരത്ത് എത്തിയത്. പുനലൂര്‍-മൂവാറ്റുപുഴ പാതയിലൂടെയും കായംകുളം-പുനലൂര്‍ പാതവഴിയും പട്ടണത്തില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ പോലീസ് കര്‍ശന നടപടികളിലേക്ക് കടന്നു. തിരുവനന്തപുരത്ത് പോകേണ്ട ആവശ്യവുമായി എത്തിയവര്‍വരെ ഉണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച് അത്യാവശ്യമുള്ളവര്‍ക്ക് മാത്രം യാത്രാനുമതി നല്‍കി.
ആലപ്പുഴ ജില്ലയില്‍നിന്ന് ഓച്ചിറവഴിയും ഒട്ടേറെ വാഹനങ്ങള്‍ ദേശീയപാതവഴി എത്തിയിരുന്നു. ബാങ്കുകള്‍, കച്ചവടസ്ഥാപനങ്ങള്‍, എ.ടി.എം. കൗണ്ടറുകള്‍, വിപണികള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടമായി എത്തി. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം ന്യൂജന്‍ ബൈക്കുകളും നിരത്തില്‍ ചീറിപ്പാഞ്ഞു. ഇവരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ദേശീയപാതയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗ്രാമീണ റോഡുകളില്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലായില്ല.
ജില്ലാ അതിര്‍ത്തിയായ ഓച്ചിറയിലെ കൊറോണ ചെക്ക് പോസ്റ്റില്‍ ശക്തമായ പരിശോധന നടന്നെങ്കിലും മറ്റുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായില്ല.