Responsive Ad Slot

Slider

സംസ്ഥാനത്ത് നാലു പേര്‍ക്കു കൂടി കോവിഡ്-19

സംസ്ഥാനത്ത് നാലുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ മൂന്നുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ രണ്ടുപേര്‍ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നാലുപേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ടുപേരും കാസര്‍കോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്.

ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍,അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന ഗ്രൂപ്പില്‍നിന്ന് 875 സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2,682 സാമ്പിളുകള്‍ നെഗറ്റീവാണ്. മൂന്നെണ്ണമാണ് പോസിറ്റീവായത്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരുടെയൊക്കെയാണോ റിസള്‍ട്ട് പോസിറ്റീവായത് അവരെ കണ്ടെത്തി ആശുപത്രിയിലാക്കിയിട്ടുണ്ട്. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. 175 കേസുകളാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതുവരെ 85 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 പേരടങ്ങുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തക സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് സംശയിക്കുന്ന ആളുകളില്‍നിന്നും സാമ്പിള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തിന് (വി.ടി.എം) കേരളത്തില്‍ ക്ഷാമമില്ല. കേരളത്തില്‍ പബ്ലിക് ലാബോറട്ടറി വി.ടി.എം. സ്വന്തമായി നിര്‍മിക്കുന്നുണ്ട്. അതിനാല്‍ രാജ്യം വി.ടി.എമ്മിന് ക്ഷാമം നേരിടുമ്പോഴും കേരളത്തില്‍ ഇതുവരെ ക്ഷാമമില്ല. എല്ലാ ജില്ലകളിലും പരിശോധന നടത്താനുളള 46000 പി.സി.ആര്‍. റീയേജന്റും 16,400 ആര്‍.എന്‍.എ. എക്സ്ട്രാക്ഷനും സ്റ്റോക്കുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേനെ കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com