അഞ്ചല്‍: ലോക്‌ഡൗണ്‍ മറികടന്ന് കഴിഞ്ഞ ദിവസം ആളുകള്‍ കൂട്ടമായി റോഡിലിറങ്ങിയത് പോലീസിന് തലവേദനയായി.
വാഹനങ്ങളിലും കാല്‍നടയായും ആളുകള്‍ ഇറങ്ങിയത് മൂലം രാവിലെ മുതല്‍ തന്നെ റോഡില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അഞ്ചല്‍ ചന്തയായതിനാല്‍ ഒരു ഇടവേളയ്‌ക്ക് ശേഷം കൂടുതല്‍ ആളുകള്‍ ഇവിടേയ്‌ക്ക് എത്തിക്കൊണ്ടിരുന്നു.
പോലീസ് കര്‍ശനമായി പരിശോധന നടത്തിയെങ്കിലും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് സത്യവാങ്‌മൂലം പൂരിപ്പിച്ച അപേക്ഷകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചാണ് ആളുകള്‍ കടന്നുപോയത്. ചന്തയ്‌ക്ക് പുറേെമ ബാങ്കുകള്‍, മത്സ്യഫെഡിന്റെ വില്‍പന കേന്ദ്രം തുടങ്ങിയ സ്‌ഥലങ്ങളിലും നീണ്ട ക്യൂ കാണാമായിരുന്നു. സിവില്‍ സ്‌റ്റേഷന് സമീപമുളള മത്സ്യഫെഡ് വില്‍പനശാലയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തന്നെ സി.ഐ. സി.എല്‍. സുധീര്‍, എസ്.ഐ. ജി. പുഷ്‌പകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുകയും സാമൂഹ്യ അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്‌തു.
ഇതിനിടെ വ്യക്‌തമായ കാരണമില്ലാതെയും രേഖകള്‍ കാട്ടാതെയും റോഡില്‍ ഇറങ്ങിയ മുപ്പതോളം വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ