കടയ്ക്കൽ: നിയന്തണംവിട്ട ബൈക്ക് ചരക്കുലോറിയുടെ അടിയില്‍പ്പെട്ട് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. കടയ്ക്കല്‍ കാരയ്ക്കാട് മധുവിലാസത്തില്‍ വിഷ്ണു(24)വാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് കുളത്തൂപ്പുഴ തടി ഡിപ്പോയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം. സഹോദരന്‍ മനുവിനോടൊപ്പം കുളത്തൂപ്പുഴയിലേക്ക് വരുമ്ബോഴായിരുന്നു സംഭവം.
സമീപത്തുള്ള ഒാഡിറ്റോറിയത്തില്‍ വിവാഹം നടക്കുന്നതിനാല്‍ പാതയോരത്ത് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിട്ടിരുന്നു.
ഇവയെ ഒഴിച്ച് കടന്നുവന്ന ചരക്കുലോറി അടുത്തെത്തിയപ്പോഴാണ് ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ നിരങ്ങി ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു.
കാലില്‍ക്കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങിയാണ് വിഷ്ണുവിന് പരിക്കേറ്റത്. മനു തെറിച്ച് റോഡില്‍ വീണതിനാല്‍ രക്ഷപ്പെട്ടു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. പാതയിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.