ചടയമംഗലം: എം.സി.റോഡിലെ ആയൂര്‍, ചടയമംഗലം, നിലമേല്‍, കടയ്ക്കല്‍ ഭാഗങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 1,32,000 രൂപ പിഴ ഈടാക്കി. പൊലിക്കോട്ട് ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്തിയത്. അമിതവേഗം, മീറ്റര്‍ ഘടപ്പിക്കാതിരിക്കുക, കേബിള്‍ വിച്ഛേദിച്ച് ഓടുക, അതിസുരക്ഷാ നമ്ബര്‍ മാറ്റി ഫാന്‍സി നമ്ബര്‍ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് കേസെടുത്തു.
ഓട്ടോകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിയമം ലംഘിച്ച് സവാരി നടത്തുന്നത് ഇന്റര്‍സെപ്റ്റര്‍ വിഭാഗം കണ്ടെത്തി. മൂവായിരംമുതല്‍ അയ്യായിരം രൂപവരെ പിഴ ഈടാക്കാവുന്ന നിയമലംഘനങ്ങളും പിടികൂടി. നൂറോളം കേസുകളെടുത്തു. രാത്രി വൈകിയും പരിശോധന തുടരുകയാണ്. കൊല്ലം ആര്‍.ടി.ഒ. മഹേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഐ.ഫിറോസ്, അസി. ഇന്‍സ്പെക്ടര്‍ ശരത്ത് ഡി., നജുമല്‍ ഉബൈദ്, ജിപ്‌സണ്‍ എസ്. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.