സ്വകാര്യബസുകളില്‍ മാത്രം യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന ഈ ഗ്രാമീണമേഖലയില്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും മറ്റ് ഓഫീസുകളിലേക്കും പോകുന്നതിന് വളരെ പ്രയാസം നേരിടുകയാണ്. മണിക്കൂറുകള്‍ ഇടവിട്ടാണ് ഓരോ സ്വകാര്യബസുകള്‍ ഈ റൂട്ടില്‍ സര്‍വീസുള്ളത്. എന്നാല്‍ അവയും തോന്നുംപോലെ സര്‍വീസ് മുടക്കുന്നത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള സര്‍വീസ് ബസുകള്‍ ഈ റൂട്ടില്‍ ഓടുന്നില്ല. അതുകാരണം സാധാരണക്കാരായ ജനവിഭാഗങ്ങള്‍ ഓട്ടോയിലും നടന്നുമൊക്കെയാണ് കിളിമാനൂരിലേക്കും കടയ്‌ക്കലേക്കും കല്ലറയിലേക്കും പോകുന്നത്.
കിളിമാനൂര്‍ നിന്ന് തൊളിക്കുഴിയിലേക്കും തിരിച്ചും ജീപ്പുകള്‍ സമാന്തര സര്‍വീസുകള്‍ നടത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയും സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ കഷ്‌ടപ്പെടുകയാണ്. ബസുകള്‍ അവരുടെ സൗകര്യം നോക്കിയും യാത്രക്കാരുടെ എണ്ണം നോക്കിയും മാത്രമാണ് ട്രിപ്പുകള്‍ ഓടുന്നത്. പെര്‍മിറ്റ് അനുസരിച്ചല്ല സര്‍വീസ് നടത്തുന്നത്. റൂട്ടുകള്‍ സ്വയം വെട്ടിച്ചുരുക്കി ജീവനക്കാര്‍ക്ക് സൗകര്യപ്രദമാവുന്ന സ്‌ഥലങ്ങളില്‍ സ്‌റ്റേ ചെയ്യുന്നു. ഈ റൂട്ടിലോടുന്ന പത്തോളം ബസുകള്‍ ഈ രീതിയാണ് അവലംബിക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരും നടപടികള്‍ സ്വീകരിക്കുന്നില്ല. സ്വകാര്യബസുകളുടെ ഇത്തരം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും പരാതി നല്‍കി.