കൊല്ലം: കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് അടുത്തുള്ള വനമേഖലയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എങ്ങനെ വന്നുവെന്നതില്‍ പല സാധ്യതകള്‍ തേടി അന്വേഷണ ഏജന്‍സികള്‍. നിലവില്‍ മിലിട്ടറി ഇന്‍റലിജന്‍സും, എന്‍ഐഎയും സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപം 14 വെടിയുണ്ടകള്‍ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാക് നിര്‍മിത വെടിയുണ്ടകളെന്ന് സംശയിക്കുന്നവ ഇക്കൂട്ടത്തില്‍ ഉണ്ടെന്നു കണ്ടെത്തി. PoF എന്ന ചുരുക്കെഴുത്ത് വെടിയുണ്ടകള്‍ക്ക് മുകളില്‍ കണ്ടതോടെയാണ് അന്വേഷണം മറ്റൊരു ദിശയിലേക്ക് വഴിമാറുന്നത്.
പാക് ഓര്‍ഡ്‍നന്‍സ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്താണ് PoF. പാക് സേനയ്ക്ക് വേണ്ട വെടിക്കോപ്പുകള്‍ മുതല്‍ പടച്ചട്ടകളും മിലിട്ടറി യൂണിഫോമും വരെ നിര്‍മിക്കുന്ന സംയുക്ത കമ്ബനിയാണ് PoF.
ഇതേത്തുടര്‍ന്ന്, അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി. കേരളത്തിലെ എടിഎസ് തലവന്‍ ഡിഐജി അനൂപ് കുരുവിള ജോണാണ്. അദ്ദേഹത്തിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടച്ചുമതല. പാക് നിര്‍മിതമെന്ന് സംശയിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. അതിനാല്‍, സംസ്ഥാനം സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി. മിലിട്ടറി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അതേസമയം, ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കി. ''പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്. ഔദ്യോഗികമായി എടിഎസ്സിന് അന്വേഷണം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാനാണ് തീരുമാനം. മറ്റ് ചില സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. വെടിയുണ്ടകളില്‍ ചില വിദേശനിര്‍മിത മാര്‍ക്കുകള്‍ കാണുന്നതിനാല്‍ അതും പരിശോധിക്കേണ്ടതുണ്ട്. വിശദമായി എല്ലാ വശങ്ങളും വിലയിരുത്തും'', എന്ന് ബെഹ്റ.
ഞായറാഴ്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വീണ്ടും പരിശോധിച്ചു. തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ നിന്ന് നഷ്ടപ്പെട്ട തിരകളല്ല ഇവയെന്ന് സംസ്ഥാനപൊലീസ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 40 വര്‍ഷം പഴക്കമുള്ള വെടി ഉണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ആരാണ് കൈവശം വച്ചിരുന്നതാണോ, സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കും.
എന്നാല്‍ സ്ഥലത്തെ നാട്ടുകാര്‍ ഇപ്പോഴും ആശങ്കയിലാണ്. വനത്തിനകത്ത് തീവ്രവാദസംഘങ്ങള്‍ ക്യാമ്ബ് ചെയ്തിരുന്നോ, അതിന്‍റെ ഭാഗമായാണോ വെടിയുണ്ടകള്‍ കണ്ടെത്തിയത് എന്നെല്ലാമുള്ള ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.