കടയ്ക്കല്‍: റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം ശ്രദ്ധയില്‍ പെട്ട പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ റോഡുകളുടെനിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര സബ് ഡിവിഷന്‍ റോഡ്സിന് കീഴിലുള്ള കിഫ്‌ഐബിയില്‍ നിന്നുള്ള 27 കോടി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പാങ്ങോട്-കടയ്ക്കല്‍-ചിങ്ങേലി-ചടയമംഗലം (22 കി.മീ) റോഡിന്‍റെയും പണികളാണ് നിര്‍ത്തിവയ്പ്പിച്ചത്.
റോഡുകളുടെയും നിര്‍മ്മാണം സംബന്ധിച്ചുള്ള അഴിമതിയാരോപണങ്ങള്‍ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് പരാതി പരിഹാര സെല്‍ 3 വര്‍ഷമായി നടത്തിവരികയാണ്. അതില്‍ എല്ലാ മാസവും ഒരു ദിവസം പൊതുമരാമത്ത് മന്ത്രി തന്നെ നേരിട്ട് പരാതി കേള്‍ക്കുകയും ഉടന്‍ തന്നെ പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്ത് വരുന്നു.
ഈ മാസത്തെ മന്ത്രി പങ്കെടുത്ത ടോള്‍ ഫ്രീ പ്രോഗ്രാം മെയ് 28നാണ് നടത്തിയത്. അതില്‍ പാങ്ങോട്-കടയ്ക്കല്‍-ചിങ്ങേലി-ചടയമംഗലം റോഡിനെക്കുറിച്ച് വിപിന്‍ എന്നയാൾ ടോള്‍ ഫ്രീ നമ്ബറില്‍ മന്ത്രിയെ വിളിച്ച് ആരോപണം അറിയിച്ചിരുന്നു.
ഉടന്‍ തന്നെ മന്ത്രി സുധാകരന്‍ വിവരം അന്വേഷിച്ച് ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രവൃത്തികള്‍ അടുത്ത ദിവസം മുതല്‍ നിര്‍ത്തിവെയ്ക്കാനും ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിശോധിച്ചതിന് ശേഷം മാത്രം പ്രവൃത്തി ആരംഭിച്ചാല്‍ മതിയെന്നും ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.