കടയ്ക്കല്‍ : പിരപ്പന്‍കോട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടയ്ക്കല്‍ ഇത്തിവാ പോങ്ങ് മല കൃഷ്ണ കൃപയില്‍ ബിച്ചുവിജയന്‍ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പിരപ്പന്‍കോട് ശാഖയില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് ഏഴ് ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തത്.
പണയം വച്ചപ്പോഴുള്ള പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ നിന്ന് വന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇന്നലെ രാവിലെ വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പ്രതിയെ എസ്.ഐ തമ്ബി കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബ്രാഞ്ച് മാനേജരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.