Responsive Ad Slot

മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചു; അപകടം ഒഴിവായി

ചിതറ: മലയോര ഹൈവേയിലെ മടത്തറ ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

മടത്തറ തടത്തരികത്ത് വീട്ടിൽ ഗദ്ദാഫി (27), സിന്ധു ഭവനിൽ അഭയ് (21) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും മേലേമുക്കിലേക്ക് പോവുകയായിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടി.

അപകടത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്ത് അപകടം പതിവായതാണ്. ഹൈവേ നിർമാണത്തിലെ അപാകതയെ തുടര്‍ന്നാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ബന്ധുക്കളെ അന്വേഷിക്കുന്നു

കടയ്ക്കൽ: കഴിഞ്ഞ ഏപ്രിൽ 15-ന് രാവിലെ 9.30ന് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞുവീണ സ്ത്രീയെ ഉടൻ കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അവർ മരണപ്പെടുകയുണ്ടായി.

ഈ സംഭവത്തെക്കുറിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ BNSS സെക്ഷൻ 194 പ്രകാരം ക്രൈം നമ്പർ 655/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ടിയാളുടെ മൃതദേഹം കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആരെങ്കിലും ഇവരെ തിരിച്ചറിയുകയോ ബന്ധുക്കളായിരിക്കുകയോ ചെയ്താൽ, ഉടൻ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കടയ്ക്കൽ പോലീസ് അറിയിക്കുന്നു:

CI of Police: 9497987040
SI of Police: 9497980169
Police Station: 0474 2422033

അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം

അഞ്ചൽ: അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരിൽ ഫാർമസിയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. കൂടാതെ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷിക്കാവുന്ന പരമാവധി പ്രായം 40 വയസാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 26.

കടയ്ക്കൽ കിംസാറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

കടയ്ക്കൽ: കടയ്ക്കൽ നിന്നും കിംസാറ്റ് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ പണി നടക്കുന്നതിനാൽ 21.04.2025 മുതൽ ഒരു മാസക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുന്നു ആശുപത്രിയിലേക്ക് വരുന്നവർ കടയ്ക്കൽ - മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ പാങ്ങോട് റോഡ് വഴി ആനപ്പാറ, മണിയൻമുക്കിൽ എത്തി വലത്തേക്ക് 800 മീറ്റർ സഞ്ചരിച്ചാൽ ആശുപത്രിയിൽ എത്താവുന്നതാണ്. 2 വീലർ ഉപയോഗിക്കുന്നവർക്ക് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ചിൽഡ്രൻസ് പാർക്കിന് മുന്നിലൂടെയുള്ള റോഡ് വഴിയും എത്തിച്ചേരാവുന്നതാണ്

കുമ്മിൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് സ്നേഹവീട് പദ്ധതിയുടെ താക്കോൽദാനം നടത്തി

കുമ്മിൾ: കുമ്മിൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ "സഹപാഠി ക്കൊരു വീട് " പദ്ധതി യിൽ ഉൾപ്പെടുത്തി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി വിദ്യാർത്ഥിക്കു കൈമാറി നിർവഹിച്ചു.

അതോടൊപ്പം മറ്റൊരു കുട്ടിക്ക് വീട് നിർമിക്കുന്നതിനു ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ബുനൈസ് ഖാൻ ഭൂമി സൗജന്യമായി നൽകുന്ന തിന്റെ ആധാരവും കൈമാറി ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നജീബത്ത്‌ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ നിഫി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ ഹർഷ കുമാർ ആദ്യക്ഷം വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണ പിള്ള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധിക, മെമ്പർമാരായ ഇർഷാദ്, ജ്യോതി, ബി പി സി രാജേഷ് പ്രിൻസിപൽ ഇൻ ചാർജ് റെജി മത്തായി, പി എ സി സജി, എസ് എസ്. കെ.ജില്ലാ കോർഡിനേറ്റർ ഡോക്ടർ നജീബ്, കടയ്ക്കൽ പ്രവാസി ഫോറം രക്ഷാധികാരി സുധീർ, ഹെഡ്മിസ്ട്രെസ് റാണി, മുൻ പ്രിൻസിപ്പൽ എം നാസറുദീൻ, ഡോക്ടർ മിഥുൻ, സൈഫുദീൻ, അധ്യാപകരായ, ബുനൈസ് ഖാൻ, അനില, ഹെബി, എൻ എസ് എസ് വോളന്റീയർ എന്നിവർ സംസാരിച്ചു.

ഇടത്തറ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കടയ്ക്കൽ: കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇടത്തറ ആലത്തറമല വിഷ്ണുവിലാസത്തിൽ രാജുവിൻ്റേയും സിബിനയുടേയും മകൻ വിഷ്ണുലാ (32) ലാണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് ഇടത്തറ ദുർഗാദേവി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ കരയ്ക്കെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ടാപ്പിംഗ് തൊഴിലാളിയായ വിഷ്ണുലാൽ അവിവാഹിതനാണ്.

ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

ചിതറ: ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയും സഹോദരിയും പെങ്ങളുമുണ്ട്.

മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348

കടയ്ക്കൽ ആനപ്പാറ സൂപ്പർമാർക്കറ്റിൽ നിന്നും വൻ ലഹരിവേട്ട; പ്രതി അറസ്റ്റിൽ

കടയ്ക്കൽ: ചടയമംഗലത്ത് എക്‌സൈസ് വകുപ്പിന്റെ അർധരാത്രി നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ–കുമ്മിൾ റോഡിൽ പ്രവർത്തിക്കുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റിനുള്ളിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 700 കിലോയോളം നിരോധിത ലഹരി വസ്തുക്കളാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ വസ്തുക്കളുടെ മൊത്തം വിപണിവില ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ഈ റെയ്ഡ്, കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിലായാണ് നടപ്പാക്കിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ജയേഷ് കെ.ജി, ശ്രേയസ് ഉമേഷ് എന്നിവരും പങ്കെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മുൻപരിചിത പ്രതിയും കടയ്ക്കൽ മുക്കുന്നം സ്വദേശിയുമായ സിയാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമ്പള്ളി സൂപ്പർമാർക്കറ്റ് സിയാദിന്റെ ഉടമസ്ഥതയിലായിരുന്നു. ഇയാളുടെ പേരിൽ ചടയമംഗലം എക്‌സൈസ് ഓഫീസുകളിൽ നിരവധി മുൻ കേസുകളുള്ളതായി അധികൃതർ അറിയിച്ചു.

ലഹരി വസ്തുക്കൾ കടയ്ക്കൽ, കുമ്മിൾ പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയ നിരോധിത ലഹരി വസ്തുക്കളുടെ ആകെ തൂക്കം ഒരു ടണ്ണിലധികമാണ്.

എക്സൈസ് വകുപ്പിന്റെ നീണ്ടുനിൽക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായ റെയ്ഡുകളും ലഹരി മാഫിയയ്ക്കെതിരെ കനത്ത അടിയൊറ്റ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മന്ത്രിക്ക് എസ്കോർട്ട് പോയ കടയ്ക്കൽ പോലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനും നിസാര പരുക്കേറ്റൂ.

കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ്.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ സമ്പൂർണ്ണ മാലിന്യ മുക്തിയിലേയ്ക്ക്

കടയ്ക്കൽ: ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.

സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി നൂറു ശതമാനം യൂസര്‍ഫീ ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.

ഇതിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്ര കടയ്ക്കൽ പാഞ്ചായത് ഓഫിസിൽ നിന്നും ആരംഭിച്ച്.വിപ്ലവ സ്മാരകത്തിൽ അവസാനിച്ചു. ഘോഷയാത്രയിൽ നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കാളികളായി, ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടാൻ വൈഖരി ടീമിന്റെ ശിങ്കാരി മേളം ഒപ്പമുണ്ടായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ, കടയ്ക്കൽ GVHSS വിദ്യാർഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം കഠിന തടവ്

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.

2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.
© all rights reserved
made with Kadakkalnews.com