Responsive Ad Slot

ചിതറ കല്ലുവെട്ടാംകുഴി സ്വദേശിയായ 67 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിതറ: കല്ലുവെട്ടാംകുഴി സ്വദേശിയായ 67 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദേഹത്തെ ഇന്ന് രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തവേയാണ് 150 ഓളം മീറ്റർ അകലെയുള്ള പുരയിടത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

67 വയസ്സുള്ള ശശിക്ക് ഓർമ്മക്കുറവുള്ള ആളാണ്. രാത്രിയിൽ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതിനു ശേഷം തിരികെ വീട്ടിൽ കയറിയില്ല എന്നാണ് നിഗമനം. സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിതറ പോലീസും കടയ്ക്കൽ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു

കടുത്ത വേനലിലും മനം നിറയ്ക്കുന്ന 'മീൻമുട്ടി' വെള്ളച്ചാട്ടം

കടുത്ത വേനലിലും തണുപ്പ് പകരുന്ന അന്തരീക്ഷം.പാറകളിൽ തട്ടി ഒഴുകിയെത്തുന്ന വെള്ളത്തിൽ രൂപപ്പെടുന്ന ഒരു ചെറു വെള്ളച്ചാട്ടം. കിളിമാനൂർ അടയമൺ ഗ്രാമത്തിലുള്ള മീൻമുട്ടി വെള്ളച്ചാട്ടമാണ് വേനലിലും തെളിനീരൊഴുക്കി നിലനിൽക്കുന്നത്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് വിവാഹ ഫോട്ടോ,വിഡിയോ ചിത്രീകരണത്തിന്റെ പ്രധാന ലൊക്കേഷനാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന മീൻമുട്ടി വെള്ളച്ചാട്ടം നവ മധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. 

നിറയെ മരങ്ങൾ വളർന്ന് നിൽക്കുന്ന പ്രദേശത്ത് എപ്പോഴും തണുപ്പാണ്. അതിനാൽ തന്നെ വേനൽ കാലത്ത് ഇവിടെ തിരക്കേറുന്നു. ജനവാസമേഖലയായതിനാൽ പരിസരങ്ങളിൽ ധാരാളം വീടുകളുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി മുള കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും ചെറിയൊരു നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തുള്ള നടപ്പാതയിലൂടെ നടന്നാൽ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നവരും ധാരാളമാണ്. വലിയ അപകടങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാകണം യുവാക്കൾ കൂട്ടമായി വെള്ളച്ചാട്ടത്തിൽ ഇറങ്ങാറുണ്ട്. 

വിനോദസഞ്ചാരകേന്ദ്രം എന്നതിനുപരി ചരിത്രപ്രാധാന്യമുള്ള ഇടംകൂടിയാണ് മീൻമുട്ടി. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി എന്നും, തന്നെ കാണാനെത്തിയ ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചു എന്നും പറയപ്പെടുന്നു. ഗുരു ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ’ഇരുന്നൂട്ടി’ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രദർശനത്തിനെത്തി വെള്ളച്ചാട്ടവും കണ്ട് മടങ്ങുന്നവരും കുറവല്ല.

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന്റെ പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ എത്തുന്ന വെള്ളച്ചാട്ടത്തെ തടഞ്ഞുനിർത്തുന്നത് പോലെ ശിഖരങ്ങളോടുകൂടിയ വലിയൊരു ആൽ മരം കാണാം. വെയിലേക്കാതെ ഇവിടം സംരക്ഷിക്കുന്നതിൽ ഈ ആൽമരത്തിന് വലിയ പങ്കുണ്ട്. ഇവിടെ എത്തുന്നതിൽ കൂടുതലും യുവാക്കളാണ്. എന്നാൽ, വൈകുന്നേരങ്ങളിൽ കുടുംബവുമായി എത്തുന്നവരും കുറവല്ല.വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താം. പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ കടയ്ക്കലിൽ പ്രവർത്തനം തുടങ്ങി

കടയ്ക്കൽ: കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു. ഇതിൽ പുതിയ നാല് ശാഖകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലെ ശാഖകളാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്. 

കൊല്ലം കടയ്ക്കൽ ശാഖയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ എം. എ റഹീം നിർവഹിച്ചു. ഇതോടെ കേരളത്തിലെ ബി.ഒ.ബി ശാഖകളുടെ എണ്ണം 226ൽ എത്തി. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാഖകൾ വർദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.

കോട്ടുക്കല്‍ വയല റോഡില്‍ ഗതാഗത നിയന്ത്രണം

ഇട്ടിവ: കോട്ടുക്കല്‍ - തോട്ടംമുക്ക് - വയല റോഡില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അറ്റകുറ്റപണിക്കായി ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടുക്കല്‍ നിന്നും വയലയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടുക്കല്‍ - ഫില്‍ഗിരി - തോട്ടംമുക്ക് വഴി വയലയ്ക്കും തിരിച്ചും പോകണം എന്ന പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കൊലക്കേസ് പ്രതിയെ വെറുതെവിട്ടു

പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.
2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മ‌ർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുട‌ർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

എന്നാൽ മെഡിക്കൽ കോളേജിൽ വച്ച് സുധാകരൻ മരണപ്പെട്ടു. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്‌ടർമാരെയും കൃത്യം കണ്ട സാക്ഷികളെയും അടക്കം 13 പേരെ കോടതിയിൽ വരുത്തി തെളിവ് രേഖപ്പെടുത്തി.

പ്രതിക്ക് സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ ശേഷിയില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ എയ്‌ഡ് ഡിഫൻസ് സംവിധാനത്തിന്റെ സേവനം നൽകി. പ്രതിക്കുവേണ്ടി കൊല്ലം ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്. ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്. രാജ് എന്നിവരും ഹാജരായി.

കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ പ്രതി ജോലി സംബന്ധമായി പുനലൂരിൽ താമസമാക്കിയതായിരുന്നു. പൊലീസ്കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കൊല്ലം ജില്ലാ അഡിഷണൽ ജഡ്‌ജി ഉഷാനായർ അംഗീകരിക്കുകയായിരുന്നു.

കടയ്ക്കലിൽ പതിനൊന്ന് കാരിയെ പീഡിപ്പിച്ച യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

കടയ്ക്കൽ: കടയ്ക്കലിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ പാങ്ങലുകാട് സൗപർണികയിൽ പ്രദീപിനെ (34) ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്, തുടർന്ന് പോലീസ് പ്രദീപിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സ്കൂൾ സ്കൂൾ വെക്കേഷൻ കാലത്താണ് ബന്ധു വീട്ടിലെത്തിയ കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ആര്യങ്കാവിൽ വാഹന പരിശോധന കർശനമാക്കി

പുനലൂർ: ലോക്സഭ തിരഞ്ഞുടുപ്പിന്റെ മുന്നോടിയായി തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ വാഹന പരിശോധനകൾ കർശനമാക്കി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങളെയാണ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേക്കും കണക്കിൽപ്പെടാത്ത പണവും ലഹരി വസ്തുക്കളും മറ്റും കടത്തുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന. 

കെ.എസ്.ആർ.ടി.സി ബസ്, ചരക്ക് ലോറി, കാർ, ജിപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളും പരിശോധിച്ച് വരികയാണ്. കേന്ദ്ര സേനക്ക് പുറമെ കേരള പൊലീസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയത്.

ജില്ലയില്‍ 56123 പുതുവോട്ടര്‍മാര്‍ സമ്മതിദാനാവകാശത്തിലേക്ക് നയിക്കാനായത് വിജയം - ജില്ലാ കലക്ടര്‍

കൊല്ലം: സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് അരലക്ഷത്തിലധികം പേരെ നയിക്കാനായത് ജനാധിപത്യത്തിന്റെ വിജയമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരുടെ എണ്ണംകൂടുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനകീയാഭിമുഖ്യത്തിനുകൂടിയാണ് തെളിവാകുന്നത്. ശാസ്ത്രീയമായ രീതിയിലൂടെ നടത്തിയ ബോധവത്കരണ-പ്രചാരണ പരിപാടികളാണ് ലക്ഷ്യംകാണുന്നത്. സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യത്തിലൂന്നിയബോധവല്‍ക്കരണം, രജിസ്‌ട്രേഷന്‍ ക്യാംപ് തുടങ്ങി വിവിധ പരിപാടികളാണ് സ്വീപിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും വ്യക്തമാക്കി.

ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 56123 പേര്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‌ചേര്‍ത്തു. ജില്ലയിലാകെ 2103448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1000355 പുരുഷ•ാരും 1103074 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡര്‍മാരും. ഭിന്നശേഷിക്കാര്‍ 20,329 പേര്‍. 85 വയസ്സിന് മുകളിലുള്ള 17939 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-210229; കുറവ് കൊല്ലത്തും-170053.

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ നോളജ്സെന്ററില്‍ മൂന്ന് മുതല്‍ 10 ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി അവധിക്കാലകമ്പ്യൂട്ടര്‍ കോഴ്സുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് ഹെഡ്ഓഫ്സെന്റര്‍, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍ : 0474-2731061.

സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍സ്പര്‍ശത്തിലറിയാനും സംവിധാനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള 'നോ യുവര്‍ കാന്‍ഡിഡേറ്റ്' (കെ വൈ സി) മൊബൈല്‍ ആപ്ലിക്കേഷനാണ് വിവരപ്രഭവകേന്ദ്രം. സ്ഥാനാര്‍ത്ഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാര്‍ട്ടിയുടെ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയാണ് ലഭിക്ക.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ നിഷ്പ്രയാസം ശേഖരിക്കാം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ സ്വത്തുക്കളും ബാധ്യതകളും വോട്ടര്‍മാര്‍ക്ക് സ്വയംപരിശോധിക്കാനുമാകും. സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക, പിന്‍വലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ചിതറ പമ്പിലെ കൊലപാതകശ്രമം; മൂന്നു പ്രതികൾ പിടിയിൽ

കടയ്ക്കൽ: ചിതറയിലെ പെട്രോൾ പമ്പിൽ മണ്ണുമാന്തിയുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ.

ചിതറ പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), അയിരക്കുഴി അമൽ സദനത്തിൽ അഖിൽ കൃഷ്ണ (20), വേങ്കോട് വിഘ്നേഷ് ഭവനിൽ വിഘ്നേഷ് (18) എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ന് വൈകീട്ട് ആറിനായിരുന്നു സംഭവം.

വെട്ടേറ്റ ചിതറ കോത്തല റഹ്‌മത്ത് മൻസിലിൽ മുഹമ്മദ് റാഫി(30)യുടെ മണ്ണുമാന്തിയും ജിൻഷാദിന്റെ മണ്ണുമാന്തിയും പെട്രോൾ പമ്പിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവുമുണ്ടായി. തുടർന്ന് ജിൻഷാദിന്റെ ജോലിക്കാരായ അഖിൽ കൃഷ്ണ, വിഘ്നേഷ്, അമൽ കൃഷ്ണ എന്നിവർ റാഫിയുടെ മണ്ണു മാന്തി കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ ശ്രമം റാഫി തടഞ്ഞു. തുടർന്ന് സംഘട്ടനമുണ്ടായി.

വിവരമറിഞ്ഞെത്തിയ ജിൻഷാദ് മുഹമ്മദ് റാഫിയുടെ കഴുത്തിനു മുകളിൽ വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ സംഘത്തിലെ വിഘ്നേഷിനെ കടയ്ക്കലിൽനിന്ന്‌ അറസ്റ്റ് ചെയ്തു. ജിൻഷാദ്, അഖിൽ കൃഷ്ണ എന്നിവരെ തെങ്കാശിയിൽനിന്നാണ് പിടികൂടിയത്. അമൽ കൃഷ്ണ ഒളിവിലാണ്.

പീഡനക്കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ

കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയായ തിരുവനന്തപുരം, കരമന, നെടുങ്കാട് വാർഡ്, ശാസ്ത്രി നഗറിൽ അനീഷ് കുമാർ ആണ് അറസ്റ്റിലായത്. 

കേസിൽ ജാമ്യം എടുത്തതിനു ശേഷം ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി നന്ദകുമാർ, കടക്കൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ,എസ്.ഐ ആർ.ആർ.രാകേഷ്, എസ്.ഐ റസൽ രാജ്, സി.പി.ഒമാരായ രാജേഷ്, സജിൻ, അൻസർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ സ്ക്വാഡ് രൂപീകരിച്ചാണ് കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
© all rights reserved
made with Kadakkalnews.com