കടയ്‌ക്കൽ: വെള്ളാർവട്ടം ഷാപ്പുമുക്ക് ഭാഗങ്ങളിലെ ജലജീവൻ മിഷൻ പ്രകാരമുള്ള ഗാർഹിക കണക്ഷനുകളിൽ വെള്ളമെത്തിയിട്ട് രണ്ടാഴ്‌ച്ചയിൽ കൂടുതലായി. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കിണറുവെള്ളത്തിന് ദൗർലഭ്യമുള്ളതിനാൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ദുരിതപൂർണമാകുന്നു. കോട്ടപ്പുറം പമ്പ് ഹൗസിലെ പമ്പ് ഓപ്പറേറ്റർ രണ്ടാഴ്‌ച്ച മുമ്പ് വാഹനാപടത്തിൽ മരണപ്പെട്ടു. ഇതോടെയാണ് പമ്പിംഗ് മുടങ്ങി വെള്ളം കിട്ടാതായത്. രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷം പുതിയ പമ്പ് ഓപ്പറേറ്റർ വന്നെങ്കിലും പൂർവ്വസ്ഥിതിയിൽ എല്ലായിടത്തും ജലമെത്തുന്നില്ല.
വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് വാട്ടർ അതോറിട്ടിയുടെ നിസംഗത. സാങ്കേതിക തടസമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്രയും കാലതാമസമെടുക്കുന്നത് നീതീകരിക്കാനാകില്ല. - എസ്.ബിജി, വീട്ടമ്മ.
പ്രശ്‌നം പരിഹരിക്കാൻ രണ്ടാഴ്‌ച്ചയിൽ കൂടുതൽ വേണ്ടി വരുന്നത് അവിശ്വസിനീയമായി തോന്നുന്നു. - സന്തോഷ്, ജലജീവൻ മിഷൻ, ഉപയോക്താവ്
ജീവൻ നിലനിറുത്തുന്നത് ജലമാണ്. പ്രതിസന്ധി രൂക്ഷമാണ്. അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. - എം.ഹിമ, വിദ്യാർത്ഥിന
ഉടൻ ശരിയാകുമെന്ന് പറഞ്ഞിട്ട് നാളേറെയായി.ലൈനിലും കിണറ്റിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. - ബി. ലീലാമ്മ, വീട്ടമ്മ
പമ്പ് ഓപ്പറേറ്റർ മാറിയതുമായി പ്രശ്‌നത്തിന് ബന്ധമില്ല. ജലസ്രോതസായ കുളത്തൂപ്പുഴ മൈലമൂട് പദ്ധതിയിൽ നിന്നുള്ള പമ്പിംഗിന് വരൾച്ചയായതോടെ പഴയ വേഗതയില്ല. ഇടവിട്ടുള്ള വൈദ്യുതി തടസവും പ്രശ്‌നമാണ്. പമ്പിംഗിനിടെ വൈദ്യുതി മുടങ്ങുന്നത് വെള്ളം കയറാൻ കാലതാമസം വരുത്തുന്നു. ചൂട് ആയതിനാൽ അമിത ഉപയോഗമാണ് വൈദ്യുതി തടസത്തിന് കാരണം .കോട്ടപ്പുറം താരതമ്യേന ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ടാങ്കായതിനാൽ സമ്മർദം കുറഞ്ഞ അവസ്ഥയിൽ വെള്ളം കയറുന്നതിന് തടസമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ടാങ്കിൽ വെള്ളം കയറ്റാതെ ബൈപാസ് ചെയ്‌തു നേരിട്ടു ലൈനിലേക്ക് കണക്‌ട് ചെയ്യുന്ന ജോലി ആരംഭിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടും. - ജലഅതോറിട്ടി അധികൃതർ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ