ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് കുത്തിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 11) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
201.67 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റര്‍ വീതിയാണുള്ളത്.സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ നാല്പതോളം ബസ് ഷെല്‍ട്ടറുകള്‍, വാഹന യാത്രക്കാര്‍ക്കായി വണ്‍ വേ സൈഡ് അമിനിറ്റി സെന്ററും പൂര്‍ത്തീകരിച്ചു. ശുചിമുറി, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
കുളത്തൂപ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി അനില്‍കുമാര്‍, ജിഷ മുരളി, എസ് ബൈജു, ടി അജയന്‍, എം എസ് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ