കടയ്ക്കല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 120 കിടക്കകളോടെ കാഞ്ഞിരത്തുംമൂട് എ എം ജെ ഓഡിറ്റോറിയത്തിലാണ് ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ഡോക്ടര്‍മാരും സ്റ്റാഫുകളും ഉള്‍പ്പെടെ 18 പേരുടെ സേവനം ഇവിടെ ലഭ്യമാകും. ഇവിടെയുള്ള രോഗികള്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലി മെഡിസിന്‍ മുഖാന്തരം ലഭ്യമാക്കും.
ചികിത്സയ്ക്ക് എത്തുന്നവര്‍ക്കായി വായനാമുറി, സോപ്പ്, ബക്കറ്റ്, കപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സന്നദ്ധസംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് ആവശ്യമായ എയര്‍ കൂളര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവയും ലഭ്യമാക്കി. കടയ്ക്കല്‍ അബ്ദുള്ളയാണ് കേന്ദ്രത്തിന് ആവശ്യമായ 125 ബെഡുകളും തലയിണകളും നല്‍കിയത്.
ഡെപ്യൂട്ടി കലക്ടര്‍ എം എ റഹീം അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, വൈസ് പ്രസിഡന്റ് ആര്‍ ലത, കൊട്ടാരക്കര താലൂക്ക് തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ