ചടയമംഗലം: മണ്ഡലത്തിലെ സുപ്രധാന നിരത്തായ ചടയമംഗലം-ചിങ്ങേലി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിച്ച് ജനങ്ങളെ ഇനിയും ദ്രോഹിക്കരുതെന്ന് എസ്.ഡിപിഐ ചടയമംഗലം മണ്ഡലം പ്രസിഡൻ്റ് നജീം മുക്കുന്നം. ഭരണ പക്ഷത്തെ എംഎൽഎ തൻ്റെ ഇഷ്ടക്കാർക്കു വേണ്ടി ഇപ്പോഴും തുടരുന്ന നിഷ്ക്രിയത്വത്തിന് പൊതുജനങ്ങൾ ബലിയാടാകുകയാണെന്നും പാർട്ടി മണ്ഡലം കമ്മിറ്റിയുടെ പേരിൽ പുറപ്പെടുവിച്ച പ്രസ്ഥാവനയിൽ അദ്ദേഹം പറഞ്ഞു .
കൊട്ടിഘോഷിച്ചു തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭ ഘട്ടങ്ങൾ പോലും പൂർത്തിയാക്കാത്തതിൻ്റെ ഉത്തരവാദിത്വം എംഎൽഎക്ക് തന്നെയാണെന്നും, നിർമ്മാണത്തിലെ അശാസ്ത്രീയതയും ,അഴിമതിയും പലവട്ടം വാർത്തയായിട്ടും അത്തരം വീഴ്ചകൾ പരിഹരിക്കാൻ യാതൊരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ലെന്നും പ്രസ്ഥാവനയിൽ കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞ് വെട്ടി പൊളിച്ച റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും സഞ്ചാര യോഗ്യമാക്കുക പോലും ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിലവിൽ എം.ജി ഹൈസ്കൂളിന് മുന്നിൽ നാമമാത്രമായ തൊഴിലാളികളെ വെച്ച് നടത്തിവരുന്ന സംരക്ഷണ ഭിത്തി നിർമ്മാണം പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള പ്രഹസനം മാത്രമാണ്.ഇഴഞ്ഞു നീങ്ങുന്ന ഈ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി റോഡ് അടച്ചിട്ടിരിക്കുന്നതും അനാവശ്യമാണ്. മുമ്പ് സംഭവിച്ചത് പോലെ നിർമ്മാണത്തിലിരിക്കെ സംരക്ഷണ ഭിത്തി തകർന്നു വീഴുമെന്ന ഭയം കൊണ്ടാണൊ ഈ അടച്ചിടൽ എന്നും പ്രസ്ഥാവനയിൽ ചോദിച്ചു. ഗതാഗതത്തിന് പകരം സംവിധാനമെന്ന നിലയിൽ ഒരുക്കിയിരിക്കുന്ന സമാന്തര റോഡുകൾ നാട്ടുക്കാർക്ക് മറ്റൊരു പരീക്ഷണമാണ്. കുഴികൾ നിറഞ്ഞ ബദൽ റോഡിന് മതിയായ വീതി തന്നെയില്ല. മഴക്കാലം ആരംഭിച്ചതോടെ ഈ വഴിയുള്ള യാത്ര കൂടുതൽ ദുർഘടമായിരിക്കുകയാണ്.
പ്രധാന റോഡ് യാത്രക്കായി തുറന്ന് കൊടുക്കുകയും. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്യണമെന്ന് പ്രസ്ഥവനയിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല എങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും പ്രസ്ഥാവനയിൽ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ