തിരുവനന്തപുരം: വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഏഴുപേര്‍ക്ക് രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 14,670 പേര്‍ നിരീക്ഷണത്തിലുണ്ട്. 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതുവരെ 34,599 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് 1154 സാമ്പിളുകളുടെ പരിശോധന നടത്തി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന ഗ്രൂപ്പിലെ 2,947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2,147 എണ്ണം നെഗറ്റീവായിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. എട്ടുജില്ലകള്‍ കോവിഡ് മുക്തമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. സംസ്ഥാനത്ത് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ നാട്ടിലെത്തും. അതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍, പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകള്‍ എന്നിവയിലാണ് ഇവര്‍ വരുന്നത്.നാളെ രണ്ടു വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന ഔദ്യോഗിക വിവരം. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം കിട്ടാതെ വലയാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ അശരണര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷണവിതരണ പരിപാടി 4,44,573 ഭക്ഷണപ്പൊതികളും 29,030 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തു മാത്രമായി തുടങ്ങിയ പരിപാടിയായിരുന്നു ഇത്. അത് കേരളം ഒട്ടാകെ വ്യാപിപ്പിച്ച് 24 അടുക്കളയിലൂടെയാണ ഭക്ഷണം വിതരണം ചെയ്തത്. എസ്.പി.സി., ഏതാനും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 'ഒരു വയര്‍ ഊട്ടാം' എന്ന ഈ പദ്ധതി നടപ്പാക്കിയത്.
ലോക്ക്ഡൗണ്‍ കാലത്ത് ആശുപത്രികളില്‍ രക്തം ലഭിക്കുന്നത് ഉറപ്പാക്കാന്‍ 'ജീവധാര' എന്ന പേരില്‍ ഒരു പദ്ധതിക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപം നല്‍കി. മൂന്നുലക്ഷം പേരാണ് രക്തം ദാനം ചെയ്യാന്‍ കേരളത്തില്‍ സന്നദ്ധരായത്. ഇത് പത്തുലക്ഷമാക്കുകയാണ് ലക്ഷ്യം. കേഡറ്റുകളുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.