കൊല്ലം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുൻഗണനാ വിഭാഗങ്ങൾക്കുള്ള(പിങ്ക് കാർഡ്) സൗജന്യ അതിജീവന കിറ്റ് വിതരണം നാളെ അവസാനിക്കും. ജില്ലയിൽ 269374 കാർഡ് ഉടമകൾ ഇതുവരെ കിറ്റു വാങ്ങി. 286964 കുടുംബങ്ങളാണ് മുൻഗണനാ വിഭാഗത്തിൽ ജില്ലയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിനു ശേഷം നീല കാർഡ് ഉടമകൾക്കുള്ള സൗജന്യ അതിജീവന കിറ്റ് വിതരണം ആരംഭിക്കുമെന്നു ജില്ലാ സപ്ലൈ ഓഫിസർ സി.എസ്.ഉണ്ണിക്കൃഷ്‌ണ കുമാർ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. സൗജന്യ അതിജീവന കിറ്റ് കൈപറ്റാത്ത മഞ്ഞ കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഇവ വാങ്ങാൻ റേഷൻ കടകളിൽ തുടർന്നും സൗകര്യം അനുവദിച്ചിട്ടുണ്ട്.
∙ ഇൗ മാസത്തെ റേഷൻ വാങ്ങാം. വിവിധ കാർഡ് ഉടമകൾക്കുള്ള ഇൗ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു.
∙ മഞ്ഞ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എ. എ. വൈ വിഭാഗങ്ങൾക്ക് കാർഡ് ഒന്നിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21രൂപയ്ക്കും ലഭിക്കും.
∙ പിങ്ക് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുൻഗണനാ വിഭാഗങ്ങൾക്ക് കാർഡിലെ ഓരോ അംഗങ്ങൾക്കും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.
∙ മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഒരു കിലോ കടല ഇതോടൊപ്പം സൗജന്യമായി ലഭിക്കും.ഇത് കൂടാതെ ഇതേ പദ്ധതി പ്രകാരം മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് ഒരംഗത്തിന് 5 കിലോ വീതം അനുവദിച്ചിരിക്കുന്ന ഇൗ മാസത്തെ സൗജന്യ അരി വിതരണം 20 നു ശേഷം ആരംഭിക്കും.
∙ നീല കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എൻപിഎസ് വിഭാഗം കർഡുടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ വീതം അരി 4 രൂപയ്ക്ക് ലഭിക്കും. വെള്ള കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എൻ.പി.എൻ.എസ് വിഭാഗം കാർഡ് ഉടമകൾക്ക് കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല, വെള്ള കാർഡ് ഉടമകൾക്ക് ലഭ്യതയ്ക്ക് അനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വാങ്ങാം.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ നീല, വെള്ള കാർഡിൽ ഉൾപ്പെട്ട വിഭാഗങ്ങൾക്ക് ഇൗ മാസം നിശ്ചിത വിഹിതത്തിന് പുറമെ അധിക വിഹിതമായി കാർഡ് ഒന്നിന് 10 കിലോ അരി 15 രൂപ നിരക്കിൽ ലഭിക്കും. ഇങ്ങനെ അനുവദിച്ചിട്ടുള്ള 10 കിലോയിൽ റേഷൻ കടകളിലെ സ്റ്റോക്ക് ലഭ്യത അനുസരിച്ച് പച്ചരി കൂടി ഉൾപ്പെടുത്തി ആവശ്യക്കാർക്ക് വിതരണം നടത്താൻ റേഷൻ കടയുടമകൾക്ക് അധികൃതർ നിർദേശം നൽകി .
∙ കിറ്റ് തിരികെ നൽകി സുമനസ്സുകൾ.274 കുടുംബങ്ങളാണു ജില്ലയിൽ നിന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ അതിജീവന കിറ്റ് അർഹതപ്പെട്ടവർക്ക് മാറ്റി നൽകുവാൻ സന്നദ്ധത അറിയിച്ചത്.