കടയ്ക്കൽ: അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് ട്രോളി ഇല്ല. കട്ടിലുകൾ മോർച്ചറിക്ക് സമീപത്തു തുരുമ്പെടുത്ത നിലയിൽ. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ അവസ്ഥയാണിത്. അത്യാഹിതത്തിൽപ്പെട്ട് വരുന്നവരെ എടുത്ത് കൊണ്ടു പോകേണ്ട സ്ഥിതി. കേട് വന്നു കൂട്ടിയിട്ടിരിക്കുകയാണ് ട്രോളി. സാമൂഹിക സാംസ്കാരിക സംഘടനകൾ വാങ്ങി നൽകിയതടക്കം ഒട്ടേറെ കട്ടിലുകൾ മോർച്ചറിയോട് ചേർന്നു കൂട്ടിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയാൽ ഏറെ കാലം ഉപയോഗിക്കാൻ കഴിയുന്നവയും കൂട്ടത്തിലുണ്ട്.
കേടായി കിടക്കുന്നതും ചെറിയ തകരാർ വന്നതുമായ ഉപകരണങ്ങൾ നന്നാക്കാൻ തയാറാകുന്നില്ല. കോവിഡ് ഭിഷണിയെ തുടർന്നു ലോക്ഡൗണിൽ ആയതിനാൽ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. ദിവസം 1000 ലധികം പേർ ചികിത്സ തേടിയെത്തിയിരുന്നു. 200 പേരെ കിടത്തി ചികിത്സിക്കാൻ കഴിയും. എംസി റോഡ്, തിരുവനന്തപുരം ചെങ്കോട്ട റോഡ് എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ട് വരുന്നവരെ ആദ്യം കൊണ്ടു വരുന്നത് ഇവിടെയാണ്.