കുളത്തൂപ്പുഴ: തമിഴ്‍നാട് – കേരള അതിര്‍ത്തിപ്രദേശമായ കുളത്തൂപ്പുഴ അതീവ ജാഗ്രതയില്‍. പ്രദേശവാസിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മേഖലയില്‍ ജാഗ്രത ശക്തമാക്കിയത് . നിരവധിപേരുമായി രോഗബാധിതന്‍ സമ്ബര്‍ക്കം പുലര്‍ത്തിയത് ആശങ്ക ഉയര്‍ത്തുകയാണ് . യുവാവിന്‍റേത് വിപുലമായ സമ്ബര്‍ക്ക പട്ടികയായതിനാല്‍ ഇതിനോടകം തന്നെ ജനപ്രതിനിധികള്‍ അടക്കം അമ്ബതിലേറെ പേരെ രോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു .
കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ 31 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇദ്ദേഹം തമിഴ്‌നാട് പുളിയന്‍കുടിയില്‍ നിന്ന് വന്ന ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത് . കൊവിഡ് വലിയ രീതിയില്‍ വ്യാപിച്ച പ്രദേശമാണ് പുളിയന്‍കുടി. ഇദ്ദേഹം യാത്ര വിവരം മറച്ചുവച്ച് പ്രദേശത്തെ ആളുകളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു എന്നാണ് വിവരം . അമ്ബലക്കുളത്തില്‍ കുളിക്കാന്‍ പോവുകയും, ചായക്കടയില്‍ പോവുകയും ചെയ്തിട്ടുണ്ട്. രോഗി നിരവധി പേരുമായി ഇടപഴകിയെന്ന് കണ്ടെത്തിയതോടെ കൊല്ലം കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പഞ്ചായത്തുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു .
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാല്‍ നടയായും പച്ചക്കറി ലോറിയിലുമാണ് യുവാവ് അതിര്‍ത്തി കടന്ന് പോയത് . അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് . ഇദ്ദേഹത്തിനൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പരിശോധിച്ചിരുന്നു . എന്നാല്‍ ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഈ യുവാവ് ഉള്‍പ്പെടെ ആറ് പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.