കടയ്ക്കൽ: നിയന്ത്രണംവിട്ട ബൈക്ക് ചരക്കുലേറിയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്ക്. കടയ്ക്കല്‍ കാരയ്ക്കാട് മധുവിലാസത്തില്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് കുളത്തൂപ്പുഴ തടിഡിപ്പോയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം.
കുളത്തൂപ്പുഴയിലേക്ക് വരുകയായിരുന്ന ബൈക്കും തമിഴ്നാട്ടില്‍നിന്ന് തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിലേക്ക് സാധനങ്ങളുമായിപ്പോയ ലോറിയുമായി കൂട്ടിയിടിച്ചാണ് അകടമുണ്ടായത്. ലോറിയുടെ മുന്‍വശത്ത് ഇടിച്ചുകയറിയ ബൈക്കും യുവാവും ലോറിക്കടിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഏറെ പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല.
അഗ്നിരക്ഷാസേനയുടെ സഹായം തേടിയപ്പോഴേക്കും കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി ലോറി മുന്നോട്ടുനീക്കി ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്നുകിടന്ന യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപ്പോഴേക്ക് അഗ്നിരക്ഷാസേന സഥലത്തെത്തി റോഡ് കഴുകിഗതാഗതം പുനഃസ്ഥാപിച്ചു.