Responsive Ad Slot

Slider

പണിതിട്ടും തീരാതെ വെള്ളാര്‍വട്ടം - ചിങ്ങേലി റോഡ്

വെള്ളാര്‍വട്ടം-ചിങ്ങേലി-പാങ്ങോട് റോഡ് യാത്രക്കാര്‍ക്ക് കനത്ത ഭീഷണിയായി. തകര്‍ന്ന റോഡില്‍ വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്.
ചടയമംഗലം : വെള്ളാര്‍വട്ടം-ചിങ്ങേലി-പാങ്ങോട് റോഡ് യാത്രക്കാര്‍ക്ക് കനത്ത ഭീഷണിയായി. തകര്‍ന്ന റോഡില്‍ വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്.

കിഫ്ബി പദ്ധതിപ്രകാരം 27.75 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിക്കുന്ന റോഡാണ് പണിതിട്ടും തീരാത്തത്. രണ്ടുമാസമായി റോഡുപണി നിലച്ചമട്ടാണ്. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ കിഫ്ബിയോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

നേരത്തേ റോഡ്‌ പണിയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ജോലികള്‍ നിര്‍ത്തിവെച്ചിരുന്നു. മരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികളുണ്ടാവുകയും ചെയ്തു. ചടയമംഗലം ഗവ. എം.ജി. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് റോഡ് ഏറ്റവുമധികം തകര്‍ന്നത്. നിര്‍മാണം തുടങ്ങുംമുന്‍പ് റോഡ് പൊളിച്ചതാണ് ഗതാഗതം ദുര്‍ഘടമാക്കിയത്.

തകര്‍ന്ന റോഡില്‍ വാഹനങ്ങള്‍ പുതഞ്ഞുതാഴുന്നു. ജല അതോറിറ്റി കുഴലുകള്‍ പൊട്ടിയതോടെ റോഡ് ചാലായി മാറി. വിദ്യാര്‍ഥികളടക്കം നിരവധിപ്പേര്‍ അപകടത്തില്‍പ്പെടുന്നതും പതിവായി.

എം.സി.റോഡും നിലമേല്‍-മടത്തറ റോഡും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് യാത്രക്കാര്‍ക്ക് ദുരിതം നല്‍കുന്നത്. റോഡുപണി ഉടന്‍ പുനരാരംഭിക്കാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസല്‍, ഭാരവാഹികളായ എ.ആര്‍.റിയാസ്, മഹേഷ്, ബിജുകുമാര്‍ എന്നിവര്‍ പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com