കടയ്ക്കല്‍: സംസ്ഥാനത്തെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് മൂന്നാം സ്ഥാനം ലഭിച്ചു. 36000 അംഗങ്ങളും 277 കോടി രൂപ നിക്ഷേപവും 233 കോടി രൂപ വായ്പയുമുള്ള ബാങ്കിന് കടയ്ക്കല്‍ ഹെഡ് ഓഫീസിന് പുറമേ കടയ്ക്കല്‍ പ്രഭാത സായാഹ്നശാഖ, കുമ്മിള്‍, മുക്കുന്നം, കാഞ്ഞിരത്തുംമൂട്, കുറ്റിക്കാട് എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്. ബാങ്കിന്റെ ഏറ്റവും പുതിയ ശാഖ കടയ്ക്കല്‍ പഞ്ചായത്തിലെ കാറ്റാടി മൂട് കേന്ദ്രമാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കടയ്ക്കല്‍, കുമ്മിള്‍ ഗ്രാമ പഞ്ചായത്തുകളെ തരിശുരഹിതമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കനകക്കതിര്‍ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്നത്.
ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നതിന് ക്ഷീരസാഗരം പദ്ധതി ആവിഷ്കരിച്ച് കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്. വീടുകളില്‍ ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുപച്ച എന്ന പദ്ധതിയിലൂടെ ബാങ്ക് നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ബാങ്കിന്റെ നീതി മെഡിക്കല്‍സിലൂടെ രോഗബാധിതര്‍ക്ക് സബ്സിഡിയിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് പ്രതിവര്‍ഷം നല്‍കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയുടെ പരിധിയിലുള്ള സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ക്ലബുകള്‍ക്കും സാംസ്കാരിക കേന്ദ്രങ്ങള്‍ക്കും സഹായമെത്തിക്കല്‍, കടയ്ക്കല്‍ സമര നായകന്‍ ചന്തീരാന്‍കാളിയമ്ബിയുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ആജീവനാന്ത പെന്‍ഷന്‍, കടയ്ക്കല്‍ വിപ്ലവ സ്മാരകത്തിനുള്ളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ചുമര്‍ചിത്രാവിഷ്കാരം തുടങ്ങിയവ ബാങ്കിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്.
കിംസാറ്റ് എന്ന പേരില്‍ കടയ്ക്കല്‍ ടൗണിന് സമീപം എട്ടേക്കറോളം ഭൂമി വാങ്ങി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിനും ബാങ്ക് തുടക്കമിട്ടു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സഹകാര്യം മാസിക ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച ബാങ്ക് പ്രസിഡന്റിനുള്ള പുരസ്കാരം കടയ്ക്കക്കല്‍ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമനാണ് ലഭിച്ചത്. അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ എറണാകുളത്ത് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന്‍, വൈസ് പ്രസിഡന്റ് പി. പ്രതാപന്‍, സെക്രട്ടറി പി. അശോകന്‍, ഡയറക്ടര്‍മാരായ കെ. മധു, എ.കെ. സൈഫുദ്ദീന്‍ തുടങ്ങിയവര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.