കടയ്ക്കല്‍: ചുണ്ട വുഡ്‌ലം പാര്‍ക്ക് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍. ഉദ്ഘാടനം കഴിഞ്ഞ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേദിയിലെത്തിയപ്പോഴാണ് ചടങ്ങില്‍ താന്‍ ആദരിക്കാന്‍ പോകുന്നത് സ്വന്തം സഹോദരനും കടയ്‌ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനുമായ നാസറിനെയാണെന്ന് അറിയുന്നത്.
നാസറിന്റെ സഹപാഠിയായിരുന്ന ഡോ. അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനായുള്ള സ്കൂളാണ് വുഡ്ലം പാര്‍ക്ക് പബ്ലിക് സ്കൂള്‍. പ്രൈമറി സ്കൂള്‍ മുതല്‍ തന്റെ സഹപാഠിയായിരുന്ന നാസറിന് ഡി ലിറ്റ് ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ആദരിക്കാനുള്ള ഡോ. ഗഫൂറിന്റെയും സ്കൂള്‍ മാനേജ്മെന്റിന്റേയും തീരുമാനമാണ് സഹോദരങ്ങളെ ഒരേ വേദിയിലെത്തിച്ചത്.
മെച്ചപ്പെട്ട വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കുമ്ബോള്‍ സ്വാര്‍ത്ഥരാകരുതെന്നും സാമൂഹ്യ പ്രതിബദ്ധതയ്ക്ക് കൂടി ഹൃദയത്തില്‍ ഇടം നല്‍കണമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. പഴയ കാലത്തെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴമാണ്, സഹപാഠിയെ ആദരിക്കുന്നതിലൂടെ ഡോ. ഗഫൂര്‍ സമൂഹത്തിന് നല്‍കുന്ന പാഠമെന്നും. ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു.