കടയ്ക്കല്‍ : ഷാര്‍ജയില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഇട്ടിവ വയ്യാനം വിജയസദനത്തില്‍ ചന്ദ്രന്‍ പിള്ളയുടെയും വിജയമ്മയുടെയും മകന്‍ മനോജ് (39) ആണ് മരിച്ചത്. മനോജിനൊപ്പം കമ്ബനിയില്‍ ജോലിചെയ്യുന്ന കല്ലമ്ബലം സ്വദേശി വിനോദി (43)നെ യു.എ.ഇ. പോലീസ് അറസ്റ്റ് ചെയ്തു. ചെറിയപെരുന്നാള്‍ ദിവസമായ ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. താമസസ്ഥലത്ത് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിനെ കമ്ബിവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഷാര്‍ജയിലെ കല്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒന്‍പതിന് രാത്രി മരിച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടില്‍ കൊണ്ടുവരും. വയ്യാനത്തെ ഇട്ടിവ മുസ്‌ലിം പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പില്‍ രാവിലെ 7.30-ന് ശവസംസ്കാരം നടക്കും. 15 വര്‍ഷമായി ഗള്‍ഫിലായിരുന്ന മനോജ് ഒന്നരക്കൊല്ലമായി കല്‍ബയിലെ കണ്‍സ്ട്രക്‌ഷന്‍ കമ്ബനിയിലെ ഡ്രൈവറാണ്.
പ്രതി വിനോദിന്റെ സഹോദരനാണ് മനോജിന്റെ സ്പോണ്‍സര്‍. വിശ്വസ്തനായിരുന്ന മനോജ് വഴിയാണ് എല്ലാ കാര്യങ്ങളും സ്പോണ്‍സര്‍ നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് മനോജിന്റെ ബന്ധുക്കള്‍ പറയുന്നു. രാരിയാണ് മനോജിന്റെ ഭാര്യ. മക്കള്‍: അഭിനന്ദ്, അഭിരാമി.