Responsive Ad Slot

ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ചിതറ: ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം. ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

ഭഷ്യവിഷബാധ; ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ

ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

യുവതിയെ അക്രമിച്ച് മാല മോഷണം, ചിതറ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ചിതറ: പൊഴിയൂരിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവൻ്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ഷാഡോ പോലീസ് പിടികൂടി. ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്, ഗാഫ്ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

കളിയിക്കവിളയിൽ നിന്നും ഏപ്രിൽ 27ന് ഇവർ മോഷ്ടിച്ച യൂണികോൺ ബൈക്കും, മെയ് 1നു കൊട്ടാരക്കര മൈലത്ത് നിന്നും മോഷ്‌ടിച്ച എഫ് സി റെഡ് കളർ ബൈക്കും ഇവരിൽ നിന്നും കണ്ടെടുത്തു. കൂടാതെ തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നായി ബുള്ളറ്റ്, പൾസർ ബൈക്കുകളും മോഷണം നടത്തി മാല പൊട്ടിച്ചു എന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിന് ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. തമിഴ്‌നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ തിരഞ്ഞ് വരുകയായിരുന്നു. പ്രതികൾക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ അമ്പതോളം കേസുകൾ നിലവിലുണ്ട്.

മോഷ്‌ടിച്ച കാറുമായി പൊലീസിനെ ഇടിച്ച് തെറിപ്പിച്ചു പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസ് ഉണ്ട്. നേരത്തെ റിമാൻഡിൽ കഴിഞ്ഞ് വരവേ ജയിൽ ചാടിയതിനും മുഖ്യ പ്രതിയായ മുഹമ്മദ് ഷാനിനെതിരെ കേസ് ഉണ്ട്. തമിഴ്നാട്ടിൽ ഇവരെ പോലീസ് തിരയുന്നത് അറിഞ്ഞ് തിരികെ ഇവർ കേരളത്തിലേക്ക് എത്തുകയായിരുന്നു .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്. സബ്ബ് ഇൻസ്പെക്‌ടർ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാർ, സുനിൽ രാജ്,അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്

മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

ചിതറ: മടത്തറ മുല്ലശ്ശേരി വീട്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു അൽത്താഫ് 25 ആണ് മരണപ്പെട്ടത്. 12 മണിയോടെ സ്വന്തം വീട്ടിലെ കിണറ്റിൽ ആട് വീഴുകയും ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങുകയുമായിരുന്നു. കിണറ്റിനുള്ളിൽ ശ്വാസം കിട്ടാതെയാണ് യുവാവ് മരണപ്പെട്ടത്.

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും ഓക്സിജന്റെ ലഭ്യത കുറവ് ആയതിനാൽ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഉടൻ കടയ്ക്കൽ ഫയർഫോഴ്‌സിനെയും ചിതറ പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തു. കിണറ്റിൽ ഉള്ളിൽ വച്ചു തന്നെ മരണം സംഭവിച്ചിരുന്നു.

ചടയമംഗലത്ത് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി

കടയ്ക്കൽ: ചടയമംഗലം ഇളമ്പഴന്നൂർ പോലീസിമുക്കിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം. നാട്ടുകാർ വാഹനം തടഞ്ഞു. പോലീസ് മുക്ക് കുന്ന് കുഴിയിൽ ആണ് സംഭവം. കീഴ്തോണി വാർഡ് മെമ്പർ ഷഫീക്ക് ചെറുവകോണത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു ചടയമംഗലം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനവും, മാലിന്യം തള്ളാൻ എത്തിയവരെയും കസ്റ്റഡിയിൽ എടുത്തു

എസ്.എൻ.ഡി.പി കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ ജയന്തി ആഘോഷം

sndp-kadakkal-d.handra-bose
കടയ്ക്കൽ: എസ്.എൻ.ഡി.പി. യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ 115-ാം ജയന്തി ദിനാഘോഷം ജയന്തി ആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ്‌ എം.കെ. വിജയമ്മ, വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്,യൂണിയൻ കൗൺസിലർ എസ്.വിജയൻ, വി.അമ്പിളി ദാസൻ, കെ.എം.മധുരി, ഇടയ്ക്കോട് ശാഖ പ്രസിഡന്റ്‌ സുരേഷ്, സി.സുരേന്ദ്രൻ, വേങ്ങൂർ - ചെറുവക്കൽ ശാഖ സെക്രട്ടറി പി.സുദർശനൻ, അജിത് കുമാർ,രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കടയ്ക്കൽ ദേവീക്ഷേത്രം - ചരിത്രം

കടയ്ക്കൽ: കൊല്ലം ജില്ലയിലെ കടയ്ക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.

കടയ്ക്കൽ ദേവി ക്ഷേത്രം
കടയ്ക്കൽ ദേവീക്ഷേത്രം പേരിനുപിന്നിൽ അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിൻ കടയ്ക്കൽ എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം
കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.

ഐതിഹ്യം
പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലിൽ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീർ നൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കൽ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കൽ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ കടയ്ക്കൽ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു.

കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.

പ്രതിഷ്ഠ
വിഗ്രഹ പ്രതിഷ്ഠയില്ല. ക്ഷേത്രക്കുളം പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത്. ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.

കടയ്ക്കൽ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.

കടയ്ക്കൽ ഉത്സവം
കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

എടുപ്പ് കുതിരകൾ
ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.

കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി, അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

ഉത്സവം
കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചൽ ആറുകരക്കാരും കടയ്ക്കൽ പ്രദേശത്തുകാരും ചേർന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്. . മുടിയെഴുന്നെള്ളത്ത് നടത്തുവാനുള്ള സമ്മതം വാങ്ങാനായി അഞ്ചൽ കരക്കാർ കടക്കൽ കരക്കാരെ സമീപീക്കുന്നു. അഞ്ചൽ ആറ് കരക്കാർ ഒത്തുകൂടി തീരുമാനങ്ങൾ കൈകൊണ്ടാണ് മുടിയെഴുന്നള്ളത്ത് നടത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നത്. കുറുക്കോട്, പുത്തൻ വീട്, പനവീട്ടിൽ, ചാമക്കാല, കുരുവിള, ചെറുവള്ളി, കാരായിക്കോണം എന്നിവ ഏറം കരയിലും പുലിയത്തു, കിഴക്കതിൽ കോമളത്ത് തെക്കേതിൽ എന്നിവ അഗസ്ത്യക്കോട് കരയിലും നെടുങ്ങോട്ട്, പുത്താറ്റ് കൈപള്ളിൽ നെല്ലിത്താരം ഇന ഇടമുളക്കയ്ക്കൽ കരയിലും,അറപ്പുര ഏരൂർകരയിലും, കണ്ണങ്കരനെല്ലിപള്ളി, പാലറ എന്നിവ അലയമൺ കരയിലും പെട്ടിരുന്നു. മുടിയെഴുന്നെള്ളത്തിനു മുന്നോടിയായി കുറ്റിയടി നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ചടങ്ങ് വേണ്ടാ എന്നു വച്ചു. ഈ ചടങ്ങ് കാണാനായി ധാരാളമാൾക്കാർ വരാറുണ്ട്. ഉത്സവാകോഷത്തിന്റെ പ്രധാന ഇനം കെട്ടു കുതിരയായിരുന്നു. മുടിയെഴുന്നള്ളത്തിന്റെ ഏറ്റവും മുന്നിലായി ഭഗവതിയുടെ കിരീടമേത്നിയ രണ്ട് പേരുണ്ടാവും. അഞ്ചൽ തിരുമുടിയെഴുന്നള്ളത്തിനു കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനുശേഷം ചടങ്ങുകളോടുകൂടി മുടിപ്പുര തുറക്കുന്നു. വൃതം നിന്ന് മുടിയേറ്റുകാർ ദേവിയുടെ മൂന്ന് മുടികൾ എടുത്ത് പ്രധാന വേദിയിൽ ആ സമയം ആഘോഷ പരിപാടികൾ അരങ്ങേറുന്നു. രാജകൊട്ടാരത്തിൽ നിന്നും വിട്ട്കിട്ടിയിരുന്നതും ഇപ്പോൾ സർക്കാർ നൽകുന്നതും ആയ അശ്വരൂപസേന മുന്നിൽ നിരക്കുന്നു. ഏറ്റവും മുന്നിൽ കൊടിയുമായി വേലൻ നടക്കുന്നു. തൊട്ടുപിന്നിൽ വഴി വൃത്തിയാക്കാൻ ചൂലുമായി അണികൾ നിരക്കും. വൃത്തിയാക്കിയ വീഥിയിൽ കടൽജലം തളിക്കുന്നു. തുടർന്ന് പൂക്കൾ വിതറുന്നു. തുടർന്ന് അതിലൂടെ തിരുമുടിയേറ്റുകാർ നീങ്ങുന്നു. അവർക്കു പുറകിലായി ആഘോഷത്തിനകമ്പടി സേവിക്കാൻ വിവിധ ഫ്ളോട്ടുകൾ നിരക്കും.

പ്രധാന ചടങ്ങുകൾ
ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.

വെള്ളാർവട്ടം ഷാപ്പുമുക്ക് ഭാഗങ്ങളിലിൽ രണ്ടാഴ്‌ച്ചയായി കുടിവെള്ളമില്ല

കടയ്‌ക്കൽ: വെള്ളാർവട്ടം ഷാപ്പുമുക്ക് ഭാഗങ്ങളിലെ ജലജീവൻ മിഷൻ പ്രകാരമുള്ള ഗാർഹിക കണക്ഷനുകളിൽ വെള്ളമെത്തിയിട്ട് രണ്ടാഴ്‌ച്ചയിൽ കൂടുതലായി. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കിണറുവെള്ളത്തിന് ദൗർലഭ്യമുള്ളതിനാൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ദുരിതപൂർണമാകുന്നു. കോട്ടപ്പുറം പമ്പ് ഹൗസിലെ പമ്പ് ഓപ്പറേറ്റർ രണ്ടാഴ്‌ച്ച മുമ്പ് വാഹനാപടത്തിൽ മരണപ്പെട്ടു. ഇതോടെയാണ് പമ്പിംഗ് മുടങ്ങി വെള്ളം കിട്ടാതായത്. രണ്ടാഴ്‌ച്ചയ്‌‌ക്ക് ശേഷം പുതിയ പമ്പ് ഓപ്പറേറ്റർ വന്നെങ്കിലും പൂർവ്വസ്ഥിതിയിൽ എല്ലായിടത്തും ജലമെത്തുന്നില്ല.

വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് വാട്ടർ അതോറിട്ടിയുടെ നിസംഗത. സാങ്കേതിക തടസമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്രയും കാലതാമസമെടുക്കുന്നത് നീതീകരിക്കാനാകില്ല. - എസ്.ബിജി, വീട്ടമ്മ.

 

പ്രശ്‌നം പരിഹരിക്കാൻ രണ്ടാഴ്‌‌ച്ചയിൽ കൂടുതൽ വേണ്ടി വരുന്നത് അവിശ്വസിനീയമായി തോന്നുന്നു. - സന്തോഷ്, ജലജീവൻ മിഷൻ,  ഉപയോക്താവ്

ജീവൻ നിലനിറുത്തുന്നത് ജലമാണ്. പ്രതിസന്ധി രൂക്ഷമാണ്. അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. - എം.ഹിമ, വിദ്യാർത്ഥിന


ഉടൻ ശരിയാകുമെന്ന് പറഞ്ഞിട്ട് നാളേറെയായി.ലൈനിലും കിണറ്റിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. - ബി. ലീലാമ്മ, വീട്ടമ്മ


പമ്പ് ഓപ്പറേറ്റർ മാറിയതുമായി പ്രശ്‌‌നത്തിന് ബന്ധമില്ല. ജലസ്രോതസായ കുളത്തൂപ്പുഴ മൈലമൂട് പദ്ധതിയിൽ നിന്നുള്ള പമ്പിംഗിന് വരൾച്ചയായതോടെ പഴയ വേഗതയില്ല. ഇടവിട്ടുള്ള വൈദ്യുതി തടസവും പ്രശ്‌നമാണ്. പമ്പിംഗിനിടെ വൈദ്യുതി മുടങ്ങുന്നത് വെള്ളം കയറാൻ കാലതാമസം വരുത്തുന്നു. ചൂട് ആയതിനാൽ അമിത ഉപയോഗമാണ് വൈദ്യുതി തടസത്തിന് കാരണം .കോട്ടപ്പുറം താരതമ്യേന ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ടാങ്കായതിനാൽ സമ്മർദം കുറഞ്ഞ അവസ്ഥയിൽ വെള്ളം കയറുന്നതിന് തടസമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ടാങ്കിൽ വെള്ളം കയറ്റാതെ ബൈപാസ് ചെയ്‌തു നേരിട്ടു ലൈനിലേക്ക് കണക്‌ട് ചെയ്യുന്ന ജോലി ആരംഭിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടും. - ജലഅതോറിട്ടി അധികൃതർ

കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് മൂന്ന്, നാല് തീയതികളില്‍ വൈകിട്ട് എഴ് മുതല്‍ എട്ട് മണി വരെ നടത്തും. ഫോണ്‍: 9072592412, 9072592416

കടയ്ക്കലിൽ വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി അറസ്റ്റിൽ

കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ കടയ്ക്കൽ വില്ലേജിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, കൊട്ടാരക്കര താലുക്കിൽ, കോട്ടുക്കൽ വില്ലേജിൽ കണിയാരുകോണം ദേശത്ത് ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 46/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.

ടിയാന്റെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ബിൻസാഗർ. എസ്, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.

ചിതറ മതിരയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം;പ്രതികൾ പിടിയിൽ

ചിതറ: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് സംഭവം നടന്നത്. മതിര തോട്ടുമുക്ക് താമസിക്കുന്ന മംഗലത്ത് പുത്തൻവീട്ടിൽ മോഹനൻ മകൻ 37 വയസ്സുള്ള ഷിജു വിനെയും മതിര തോട്ടുമുക്ക് താമസിക്കുന്ന വിനയം വീട്ടിൽ ഗിരീഷ് കുമാറിൻറെ ഭാര്യ വിനീത എന്നിവരെയാണ്അ യൽവാസികളായ മതിര തോട്ടുമുക്ക് താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽ 70 വയസ്സുള്ള സോമനും അയാളുടെ 35 വയസ്സുള്ള മകൻ ആനന്ദു ചേർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഷിജുവിന്റെ വീട്ടുകാരും സോമന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയിരുന്ന സമയത്ത് സോമനും മകൻ ആനന്ദും ചേർന്ന് തർക്കം നിലനിന്നിരുന്ന വഴിയിൽ നിൽക്കുന്ന എല്ലാ മരങ്ങളും വെട്ടി മാറ്റിയിരുന്നു. ഇതു സംബന്ധിച്ച് ഷിജുവും വീട്ടുകാരും അടുത്തദിവസം (29 4 2024) തീയതി ഷിജുവിന്റെ വീടിന് മുൻവശം വച്ച് ഇതിന് പോലീസിൽ പരാതി കൊടുത്ത കേസെടുക്കണമെന്ന് പറയുന്നത് സോമൻ കേൾക്കുകയും തുടർന്ന് സോമൻ മകൻ ആനന്ദും വലിയ ഒരു വാളുമായി ഷിജുവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഷിജുവിനെ തലയിലും വയറിലും കയ്യിലും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ഇത് കണ്ടു മറ്റൊരു അയൽവാസിയായ വിനീത തടസ്സം പിടിക്കാൻ വരുകയും വിനീതയുടെ കൈയ്ക്കും പ്രതികൾ വെട്ടുകയും ചെയ്തു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഷിജുവിനെയും വിനിതയേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഒളിവിൽ പോയിരുന്ന പ്രതികളെ ചിതറ സിഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. പ്രതി ആനന്ദിന് മുൻപും അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

സി ഐ ശ്രീജിത്ത് പി, എസ് ഐ രശ്മി, എസ് ഐ അജിത്ത് ലാൽ, എ എസ് ഐ സലീന, സി പി ഓ മാരായ, അഖിലേഷ്, അനൂപ്, അരുൺ, ഉബൈദ്എ ന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കെല്‍ട്രോണില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം: കെല്‍ട്രോണില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡി സി എ, പി ജി ഡി സി എ, ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം, ഫോണ്‍: 0474 2731061.
© all rights reserved
made with Kadakkalnews.com