കിളിമാനൂര്‍: നിയമങ്ങള്‍ കടുകട്ടിയായിട്ടും കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പൊതുനിരത്തുകളിലും തോടുകളിലും മറ്റു ജലസ്രോതസുകളിലും ഒഴുക്കുന്നത് തുടര്‍ക്കഥയാകുന്നു. അടയമണ്‍, കിളിമാനൂര്‍ മേഖലകളിലാണ് കക്കൂസ് മാലിന്യങ്ങള്‍ ടാങ്കര്‍ ലോറികളിലെത്തിച്ച് നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തെരച്ചിലിലാണ് അടയമണ്‍ പ്രദേശത്തെ ഓടയില്‍ കക്കൂസ് മാലിന്യം കണ്ടത്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കി. വര്‍ഷങ്ങളായി കിളിമാനൂര്‍ മേഖലയില്‍ റോഡരികിലും ഓടകളിലും പുരയിടങ്ങളിലും അനധികൃതമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചാലും പെറ്റികേസെടുത്ത് വിടുകയാണ് പതിവ്.
കിളിമാനൂര്‍ മേഖലയിലെ ജലസ്രോതസുകളില്‍ നിന്നാണ് ഭൂരിഭാഗം കുടുംബങ്ങളും കുടിവെള്ളം ശേഖരിക്കുന്നത്. എന്നാല്‍ ഇവ മലിനപ്പെട്ടതറിയാതെ ജനം ഈ കുടിവെള്ളം ഉപയോഗിക്കുന്നതിനാല്‍ പലര്‍ക്കും വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നുണ്ട്. അസുഖ ബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ എത്തുമ്ബോഴാണ് മലിനജലമാണ് കാരണമെന്ന് ഇവര്‍ തിരിച്ചറിയുന്നത്. ഇതിന് തടയിടാന്‍ ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ ശ്രമിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.