Responsive Ad Slot

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു

കെല്‍ട്രോണില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷംവരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഡിസിഎ, പിജിഡിസിഎ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ - നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ,് ടി ടി സി, വേഡ് പ്രോസസിംഗ് - ഡേറ്റാ എന്‍ട്രി. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍: 0474 2731061.

പാറ മുകളിലെ ടൂറിസം ഡെസ്റ്റിനേഷൻ; കിളിമാനൂരിലെ തമ്പുരാട്ടി പാറ

കിളിമാനൂർ: കേരളത്തിന്റെ ഭൂപ്രകൃതി മലകളും പാറകളും വലിയ നെൽപ്പാടങ്ങളും നദികളും ഒക്കെ ചേർന്ന പ്രകൃതി സവിശേഷമായ ഒന്നാണ്. ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ട് ആകുന്ന വലിയ കുന്നുകളും ധാരാളമുള്ള ഇടം. കുന്നിനോട് ചേർന്നുള്ള നദികളും പ്രകൃതി ഭംഗി വർധിപ്പിക്കുന്നു. അത്തരത്തിൽ ഒന്നാണ് തമ്പുരാട്ടി പാറ. നല്ലൊരു ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറാൻ കഴിയുന്ന ഇടമാണ് കിളിമാനൂരിലെ തമ്പുരാട്ടി പാറ. തമ്പുരാട്ടി പാറയിലെ ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ ഒരുങ്ങുന്നുണ്ട്. കിളിമാനൂർ- മൊട്ടക്കുഴി- കല്ലറ റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലായാണ് തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. പാറയ്ക്ക് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് എത്തുന്ന ആളുകളെ ആകർഷിക്കുന്നത്.

താഴെയുള്ള റോഡുകളും വിശാലമായ ദൂരെ കാഴ്ചകളും ഉറുമ്പുകളെ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന വാഹനങ്ങളും കിളിമാനൂർ പട്ടണത്തിന്റെ വിദൂര ദൃശ്യവും ഒക്കെ മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. പാറയുടെ തൊട്ടു താഴെയായി ചിറ്റാർ ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് പാർവതി ദേവിയുടെ ക്ഷേത്രവും ഉണ്ട്. പാറയുടെ മുകളിൽ ശിവ പ്രതിഷ്ഠയും ഉണ്ട്. മാസംതോറും മൺപാതയിലൂടെ ഇവിടെയെത്തി ഭക്തർ പൂജ നടത്താറുണ്ട്. നിലവിൽ പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആണ് തമ്പുരാട്ടി പാറ. 

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തമ്പുരാട്ടി പാറയെ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിരുന്നു. നിലവിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ താളിക്കുഴിയിൽ ഉൾപ്പെടുന്ന കടലുകാണി പറയെയും തമ്പുരാട്ടി പാറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികളുടെ സാധ്യതകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്.

Reported By: Athira Balan A

125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി പിടിയിൽ

ചടയമംഗലം: 125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. മാങ്കോട് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയി(53)യാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ജോയിയുടെ ഇലവുകാട്ടുള്ള വീട്ടിൽനിന്ന്‌ ചാരായം വാറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റുചാരായവും ഗ്യാസ് അടുപ്പും സിലിൻഡറുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ് ഉമേഷ്‌, സാബു എന്നിവർ പങ്കെടുത്തു

അഞ്ചലിൽ നിന്നും 27 വർഷങ്ങൾക്ക് മുൻപ് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

അഞ്ചൽ: അഞ്ചലിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പിടികിട്ടാപുള്ളിയായ വർക്കല സ്വദേശി സജീവിനെയാണ് അഞ്ചൽ പോലീസ് പിടികൂടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. സംഭവം നടന്ന് 27 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് നിന്നും പ്രതിയെ പിടികൂടിയത്. ബസ് യാത്രക്കാരിയായ യുവതിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.

കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണം തുടങ്ങി

കുമ്മിൾ: കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് മുഖാന്തരമാണ് നവീകരണം നടക്കുന്നത്. 53 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കാവുകളും കുളങ്ങളും സ്വാഭാവിക തനിമയോടെ പുനരുദ്ധരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുമ്മിൾ ക്ഷേത്രക്കുളം കാടുകയറി ജീർണാവസ്ഥയിലായിരുന്നു. ഇടിഞ്ഞ കൽപ്പടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറപ്പുവരുത്തും. രണ്ടുമാസംകൊണ്ട് പണി പൂർത്തിയാക്കും.

ചിതറയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ: ചിതറ കോത്തല അക്ഷയ ഭവനിൽ സജീവ് - ബിന്ദു ദമ്പതികളുടെ മകൻ ആകാശ് സജീവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആകാശിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കടയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ബൈക്ക് അപകടത്തിന്റെ CCTV ദൃശ്യങ്ങൽ ഇന്ന് പുറത്തുവന്നു

കടയ്ക്കൽ: കടയ്ക്കൽ ടൗൺ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ബൈക്ക് അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ആണ് ഇന്ന് പുറത്തു വന്നത്. നിലമേൽ നിന്നും ചിതറയിലേക്ക് പോയ ബൈക്കും കടയ്ക്കൽ അമ്പലം റോഡിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രകാരായ രണ്ട് പേർക്ക് പരിക്കേറ്റു.

കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

കിളിമാനൂര്‍: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെൺകുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ ഷെഡിലാണ് മൂന്ന് പേരും ചേർന്ന് എത്തിച്ചത്. ഇതിനിടയിൽ പ്രതികൾ ബലമായി പെൺകുട്ടിക്ക് മയക്കുമരുന്നും നൽകി. തുടർന്ന് പ്രതികൾ മൂവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

കൂടാതെ പൊലീസ് അന്വേഷിച്ച് എത്തിരിക്കാനായി പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ മാതാപിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പിതാവിന്റെ നിരന്തര പീഡനമൂലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ CWC ഏറ്റെടുത്തു

കടയ്ക്കൽ: ഇതര സംസ്ഥാന തൊഴിലാളിയായ പിതാവിന്റെ നിരന്തര പീഡന മൂലം കാഷ്ട്ടത്തിലായ കുട്ടികളെ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചൈൽഡ് ലൈന്റെയും ഇടൽ പെടൽ മൂലം പോലീസ് കേസ് എടുത്തു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ ഇടൽ പെടൽ മൂലം CWC കൊല്ലം കേന്ദ്രത്തിലേക്ക് എത്തിച്ചു.

ചടയമംഗലത്ത് പാടത്ത് ജോലിചെയ്തുകൊണ്ടിരുന്ന രണ്ടുപേർക്ക് സൂര്യാതപമേറ്റു

ചടയമംഗലം: വാലുകുന്നിൽ പാടത്ത് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്കും മണ്ണാപറമ്പിൽ വീട്ടമ്മയ്ക്കും സൂര്യാതപമേറ്റു. ഇളവക്കോട് വാലുകുന്നിൽ വീട്ടിൽ മണിക്കുട്ടൻ (42), മണ്ണാപറമ്പ് പാറവിള വീട്ടിൽ അജിത (30) എന്നിവർക്കാണ് സൂര്യാതപമേറ്റത്. മണിക്കുട്ടന്റെ നെഞ്ചിലും അനിതയുടെ കൈക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഇരുവരും ചടയ മംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. രണ്ടുപേരെയും ചീഫ് മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പിലാക്കിയ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു

ചിതറ: ജമാഅത്തിലെ അംഗങ്ങളിൽ 65 വയസ് കഴിഞ്ഞവർക്ക് ജമാഅത്ത് നടപ്പിലാക്കിയ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു. ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം റഫീഖ് നിസാമി, ജോയിന്റ് സെക്രട്ടറി ഷഫീഖ്, ട്രഷറർ അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.

ചിതറയിൽ കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

ചിതറ: കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചിതറയിൽ ഷാനി നിവാസിൽ ശ്രീ ലക്ഷ്മിയുടെ വീട്ടിലെ ആട്ടിൻ കുട്ടിയാണ് കിണറ്റിൽ വീണത്. വീട്ടകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കിണറ്റിൽ ഇറങ്ങി ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് മാസം പ്രായമുള്ള ആട്ടിൻ കുട്ടിയാണ് കിണറ്റിൽ വീണത്.
© all rights reserved
made with Kadakkalnews.com