Responsive Ad Slot

കിണറ്റിൽ കുടുങ്ങിയവരെ കടയ്ക്കൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കടയ്ക്കൽ: കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങി ഉള്ളിൽ കുടുങ്ങിയ ആളിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാറയം വട്ടപ്പച്ചയിലുള്ള പഞ്ചായത്ത് കിണറ്റിൽ വെള്ളിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. 65 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറിന്റെ ആൾമറയ്ക്കു മുകളിലിരുന്ന, വട്ടപ്പച്ച കുന്നുവിളവീട്ടിൽ വിഷ്ണു(23)വാണ്‌ കിണറ്റിൽ അകപ്പെട്ടത്‌. ഇയാളെ രക്ഷിക്കാനിറങ്ങിയ നെടുംപാറ ലക്ഷംവീട്ടിൽ സുമേഷ് (30) തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടുങ്ങി. 

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽനിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും കരയ്ക്കെത്തിച്ചു. പരിക്കേറ്റ വിഷ്ണുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് െറസ്ക്യൂ ഓഫീസർ എ.അനീഷ്‌കുമാറാണ് കിണറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എസ്.കെ.സന്ദീപിെൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ ശങ്കരപുരം ദേശത്ത് ശ്രീ തീർത്ഥം വീട്ടിൽ രവി മകൻ 38 വയസ്സുള്ള രതീഷ് എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
 
ടിയാന്റെ കൈവശം നിന്നും 1.0 ലിറ്റർ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 780 രൂപയും , കണ്ടെടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് , ഷാനവാസ്‌ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രേയസ് ഉമേഷ്, മാസ്റ്റർ ചന്തു,സാബു , എന്നിവർ പങ്കെടുത്തു

കൊല്ലത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍

ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ഉല്ലാസയാത്രകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം യൂണിറ്റുകളില്‍ നിന്നാണ് യാത്രകള്‍.

കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂര്‍ - 9947015111.

പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് - 7561808856.

കടയ്ക്കലിൽ നിന്നും 17 കാരൊനൊപ്പം ഒളിച്ചോടിയ 17 കാരിയെ മധുരയിൽ നിന്നും പോലീസ് കണ്ടെത്തി


വീട്ടിൽ നിന്നും രണ്ട് സ്വർണ്ണമാലയുമായി 17 കാരി കണ്ണൂർ കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ഇവർ മടത്തറ തെങ്കാശി വഴി മധുരയിൽ എത്തുകയായിരുന്നു. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയും കുട്ടിയെ കാണാനും ഇല്ലായിരുന്നു. കടയ്ക്കൽ പോലീസിൽ മാതാപിതാക്കൾ കൊടുത്ത പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയുടെ ഫോൺ ഫോർമാറ്റ് ചെയ്ത കണ്ടെത്തി. മൊബൈലിൽ സിം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റിമൂവ് ചെയ്ത ഡാറ്റ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ കാരനായ 17 കാരന്റെ വിവരം മൊബൈലിൽ നിന്നും കണ്ടെത്തിയ പോലീസ് കണ്ണൂരിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂര് കാരനായ 17 കാരനൊപ്പമാണ് കുട്ടി പോയത് എന്ന് പോലീസ് മനസിലാക്കി. 17 കാരന്റെ മൊബൈൽ ഫോണിന്റെ IMEI നമ്പർ ലഭിച്ച പോലീസ് മൊബൈൽ ഫോൺ വഴി അന്വേഷണം നടത്താൻ ശ്രമം നടത്തി എങ്കിലും മൊബൈൽ ഓഫ് അയതിനെ തുടർന്ന് അന്വേഷണം സംസ്ഥാന മുഴുവൻ വ്യാപിപ്പിച്ചു. അപ്പോഴാണ് യുവാവിന്റെ ഫോണിൽ പുതിയ സിം ഇട്ടതായി സൈബർ സെൽ വഴി പൊലീസിന് വിവരം ലഭിച്ചത്.

ഫോൺ മധുര ലൊക്കേഷൻ പരിധിയിൽ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ലോഡ്ജ് ലക്ഷ്യമാക്കി അന്വേഷണം നടത്തുകയും ഒരു ലോഡ്ജിൽ നിന്നും പെൺകുട്ടിയേയും യുവാവിനെ കടയ്ക്കൽ പോലീസ് കണ്ടെത്തി കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കടയ്ക്കൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി പെൺകുട്ടിയെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു. യുവാവിനെ ചൈൽഡ് ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്.

പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കൽ: കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്. കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ. തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി സംഭവ സ്ഥലത്ത് എത്തിച്ചു തെളിവ് എടുപ്പ് നടത്തി പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

വീതി കൂട്ടാൻ സ്ഥലമുണ്ടായിട്ടും വീർപ്പുമുട്ടി ആശാൻമുക്ക് -ശങ്കർനഗർ റോഡ്

കടയ്‌ക്കൽ: 28 വർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടു കൊടുത്ത് 8മീറ്റർ വീതിയിൽ വിശാലമാക്കിയ പാതയാണ് ആശാൻമുക്ക് - ശങ്കർ നഗർ റോഡ്. പക്ഷെ കാലം ഇത്രയായിട്ടും ഏറ്റെടുത്ത സ്ഥലം കൂട്ടി ചേർത്ത് ടാറിട്ട് വൃത്തിയാക്കി ഉന്നത നിലവാരം പുലർത്തുന്ന റോഡാക്കാൻ കഴിഞ്ഞിട്ടില്ല. കടയ്‌ക്കൽ പ‌ഞ്ചായത്തിലെ കുറ്റിക്കാട്, വെള്ളാർവട്ടം, വടക്കേവയൽ വാർഡുകളിലൂടെ കടന്നു പോകുന്ന 2 കിലോമീറ്റർ നീളുന്ന റോഡിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിന്ന് ബ്‌ളോക്ക് ഏറ്റെടുക്കുന്നതിനാണ് 1996 ൽ സ്ഥലം വിട്ടു നൽകി വീതി കൂട്ടിയത്. പിന്നീട് മെല്ലെപ്പോക്കായിരുന്നു. വയൽഭാഗത്ത് സംരക്ഷണഭിത്തിയുടെ നിർമ്മാണം പോലും പൂർത്തിയായില്ല. ഇതോടെ സ്ഥലം വിട്ടു നൽകിയ പലരും റോഡിന്റെ വശത്തേക്ക് ക്രമേണ വ്യാപിപ്പിച്ചു.

രണ്ട് വിദ്യാലയങ്ങളിലേക്കും ഒരു കശുഅണ്ടി ഫാക്‌ടറിയിലേക്കും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കുറ്റിക്കാട് നിന്ന് ചടയമംഗലത്തേക്കുള്ള എളുപ്പ വഴി കൂടിയാണ്. ഒരു ക്വാറിയും ഒരു സിമന്റ് സംഭരണ ശാലയും ഇവിടെയുണ്ട്. നിത്യേന ഇതുവഴി പോകുന്ന ടിപ്പർ ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ നിന്ന് ഒതുങ്ങാൻ കുട്ടികളും സ്‌ത്രീകളും നന്നേ പാടുപെടുന്നു. സ്ഥലം വിട്ടു കൊടുത്തവർ റോഡ് നന്നാകുന്നത് കാണാൻ ആരെ സമീപിക്കണമെന്ന ബോർഡ് നാട്ടുകാർ സ്ഥാപിച്ചു. മഴക്കാലമായാൽ വെള്ളക്കെട്ടാണ് ഈ റോഡിന്റെ മറ്റൊരുശാപം. ലോറികൾ പറത്തുന്ന പൊടിയും ദുസഹമാണ്.ചടയമംഗലം ബ്‌ളോക്ക് ഭരണസമിതിക്കും ജില്ലാ കളക്‌ടർക്കും നാട്ടുകാർ പരാതി നൽകി .

മികച്ച ഭരണാധികാരിയും വികസന നായകനുമായിരുന്ന ആർ.ശങ്കറിന്റെ നാമധേയത്തിലുള്ള റോഡിന്റെ അവസ്ഥ അദ്ദേഹത്തോടുള്ള അനാദരമാണ്. രണ്ടു വർഷം മുമ്പ് പേരിന് മാത്രമായിരുന്നു ടാറിംഗ് .മെച്ചപ്പെട്ട യാത്രാസൗകര്യത്തിനാണ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയത്.
ബി. അജയകുമാർ
എസ്.എൻ.ഡി.പി യോഗം 4007 ാം നമ്പർ
കുറ്റിക്കാട് ശാഖ സെക്രട്ടറി

 

പഞ്ചായത്ത് 7ലക്ഷം മുടക്കി ടാറിംഗ് നടത്തിയിരുന്നു. ഇടക്കാലത്ത് കോടതിയിൽ നിന്നൊരു സ്‌റ്റേ ഉത്തരവുണ്ടായിരുന്നു. അതോടെ റോഡ് നവീകരണം മാറ്റി വെച്ചു. നിയമ പ്രശ്‌നങ്ങൾ തീരുന്ന മുറയ്‌ക്ക് ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് പാർശ്വഭിത്തി നിർമ്മാണവും കോൺക്രീറ്റും നടത്തും.
ആർ. ശ്രീജ
നാലാം വാർഡ് അംഗം

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാസമ്മേളനം

കടയ്ക്കൽ: അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്. പ്രാർത്ഥനാസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.

ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്നുള്ള അറിയിപ്പ്

ചടയമംഗലം; ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്ന് 2018 മുതല്‍ 2021 വരെ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കരുതല്‍ധനം കൈപ്പറ്റുന്നതിനായി ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.

താല്‍ക്കാലികനിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് താല്‍ക്കാലികനിയമനം നടത്തും. യോഗ്യത: റ്റി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം.ബി.ബി.എസ് ബിരുദം. പ്രായപരിധി 40. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഏപ്രില്‍ 17 രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
വിവരങ്ങള്‍ക്ക് www.gmckollam.edu.in ഫോണ്‍-0474 2572572, 2572574.

നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി

ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി. ഇതുവരെ 15 പേര്‍ (ഡമ്മികള്‍ ഉള്‍പ്പടെ) നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, എസ്. ആര്‍. അരുണ്‍ബാബു (സി. പി. ഐ. (എം) ഡമ്മി), ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്രരായ എം. എസ്. മനുശങ്കര്‍, പ്രേമചന്ദ്രന്‍ നായര്‍, ആര്‍. എസ്. പി. സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍, ശശികല റാവു ബി. ജെ. പി (ഡമ്മി) എന്നിവരാണ് സമര്‍പിച്ചത്.

വാഹന മോഷ്ടാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിൽ നിന്ന് ഇരുചക്രവാഹനം കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതി പിടിയിൽ. കഴിഞ്ഞ നവംബർ 3ന് പട്ടാപ്പകൽ കുളത്തൂപ്പുഴ ടൗണിൽ പാതയോരത്ത് നിറുത്തിയിരുന്ന ഇരു ചക്രവാഹനം കവർന്ന സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ചിതറ ദർഭക്കാട് കിഴക്കുംകര പുത്തൻവീട്ടിൽ റാഫിയെ (40) ആണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്. കുളത്തൂപ്പുഴ മുസ്ലീം പള്ളിക്ക് സമീപം വാഴക്കുല വ്യാപാരം നടത്തിവരുന്ന ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് റാഫി അപഹരിച്ചത്.

കുളത്തൂപ്പുഴ ടൗണിൽ വ്യാപാരശാലകൾക്ക് മുന്നിലെ പ്രധാന പാതയിൽ നിന്ന് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ പോയി മടങ്ങിയെത്തുന്നതിനിടയിലാണ് ഷാജഹാന്റെ വാഹനം റാഫി കടത്തിക്കൊണ്ടു പോയത്. ഒരാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം മണ്ണന്തലക്ക് സമീപം പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കണ്ടെത്തുകയായിരുന്നു.

സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്ന് മോഷണത്തിന് പിന്നിൽ റാഫിയാണെന്ന് തിരിച്ചറിയുകയും ചെയ്ത പൊലീസ് ഇതിനിടെ മറ്റൊരു മോഷണക്കേസിൽ പിടിയിലായ റാഫിയെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് കുളത്തൂപ്പുഴ പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു. വാഹനമോഷണക്കേസ് ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തപാല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കുന്ന വിധം

ഇതരജില്ലകളില്‍ വോട്ടര്‍മാരായ ജില്ലയില്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ പരിശീലനകേന്ദ്രത്തിലെ ഹെല്‍പ്പ് ഡസ്‌കില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷഫോമിനൊപ്പം പോസ്റ്റിംഗ് ഓഡറിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹെല്‍പ്പ് ഡസ്‌കില്‍ നല്‍കണം.

തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയമനംലഭിച്ചിട്ടുള്ള രണ്ടാം പോളിങ്ങ് ഓഫീസര്‍, മൂന്നാം പോളിങ്ങ് ഓഫീസര്‍ എന്നിവരിലെ ഇതരജില്ലകളിലുള്ള വോട്ടര്‍മാരും ജില്ലയില്‍ ജോലിചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകര്‍പ്പും, തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഇപ്പോള്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഫോം 12 അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നും വരണാധികാരി അറിയിച്ചു.
© all rights reserved
made with Kadakkalnews.com